
വ്യത്യസ്ത മട്ടിലും ഭാവത്തിലുമുള്ള വിവാഹങ്ങളിപ്പോൾ ലോകമെമ്പാടും ട്രെൻഡിങ്ങാവുന്നുണ്ട്. എന്നാൽ, ആ നിരയിലേക്ക് ഇപ്പോൾ ഹൈദരാബാദിലെ ഒരു വ്യത്യസ്ത വിവാഹം കൂടി വന്നുചേർന്നിരിക്കുകയാണ്. ഹൈദരാബാദിലെ വധൂഗൃഹത്തിൽ കാശ് മഴ വിതറുന്നതിനായി വിമാനം വാടകയ്ക്കെടുത്തിരിക്കുകയാണ് പാകിസ്ഥാനി യുവാവിൻ്റെ പിതാവ്.
ദശലക്ഷക്കണക്കിന് രൂപയാണ് ഇതിനായി വരൻ്റെ പിതാവ് ചെലവഴിച്ചത്. വിമാനം കാശ് മഴ പെയ്യിക്കുന്നതിൻ്റെയും വധൂഗൃഹത്തിൽ ഏവരും ഇത് നോക്കി നിൽക്കുന്നതിൻ്റെയും വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലാകെ പ്രചരിക്കുകയാണ്. സംഭവം ഇൻ്റർനെറ്റിനെയാകെ അമ്പരപ്പിച്ചിട്ടുണ്ട്. ചിലർ പണം നശിപ്പിക്കുന്നതിനെയും ആർഭാഢത്തെയും വിമർശിച്ചപ്പോൾ, മറ്റു ചിലർ തമാശയായാണ് ഇതിനെ സ്വീകരിച്ചത്.
"വരൻ്റെ പിതാവ് മകൻ്റെ വിവാഹത്തിന് വിമാനം വാടകയ്‌ക്കെടുക്കുകയും വധുവിൻ്റെ വീട്ടിലേക്ക് കോടിക്കണക്കിന് രൂപ ഇറക്കുകയും ചെയ്തു. ഇനി ജീവിതകാലം മുഴുവൻ വരൻ അച്ഛൻ്റെ കടം വീട്ടേണ്ടി വരുമെന്ന് തോന്നുന്നു," വെന്നാണ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ ഈ വീഡിയോയ്ക്ക് താഴെ വന്ന ഒരു കമൻ്റ്. മറ്റൊരാൾ "ആകാശത്ത് നിന്ന് പണം വിതറുന്നതിന് പകരം, ഈ പണം പാവപ്പെട്ടവരെ സഹായിക്കാൻ ഉപയോഗിക്കാമായിരുന്നു" എന്നാണ് മറ്റൊരു കമൻ്റ്. "നിങ്ങളുടെ സമ്പത്ത് എങ്ങനെ ചെലവഴിക്കരുത് എന്നതിൻ്റെ ഒരു ഉദാഹരണമാണിത്" എന്നും കമൻ്റ് കാണാം. "വധുവിൻ്റെ അയൽക്കാരായിരിക്കണം ഇപ്പോൾ ഏറ്റവും സന്തുഷ്ടരായ ആളുകൾ" എന്ന് ചില വിരുതന്മാർ തമാശയോടെ ഇതിന് താഴെ കമൻ്റ് ചെയ്തിട്ടുണ്ട്.
നേരത്തെയും ഇതുപോലെ വ്യത്യസ്ത മട്ടിലും രീതിയിലുമുള്ള വിവാഹങ്ങൾ രാജ്യത്ത് ട്രെൻഡിങ്ങായിരുന്നു. അടുത്തിടെ കാരറ്റും ബ്രിഞ്ചാളും ഉൾപ്പെടെയുള്ള പച്ചക്കറികൾ കൊണ്ട് അലങ്കരിച്ച വധൂവരന്മാരുടെ കാറും, കാളവണ്ടിയിലെ എൻട്രിയുമൊക്കെ ട്രെൻ്റിങ്ങായിരുന്നു.