
രത്തന്‍ ലുവാഗ്ച എന്ന മണിപുരിലെ ഏറ്റവും പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ വെടിയേറ്റുവീണത് പതിനഞ്ച് വര്‍ഷം മുന്‍പാണ്. ഒരു വര്‍ഷത്തോളം രത്തന്‍ പിന്നീട് കിടക്കയില്‍ തന്നെ കഴിയേണ്ടിവന്നു. പുലര്‍ച്ചെ നാല് മണിയ്ക്ക് സൂര്യനുദിക്കുകയും വൈകീട്ട് നാല് മണിയോടെ സന്ധ്യ പൊലിഞ്ഞുവീഴുകയും ചെയ്യുന്ന മലമുകളിലെ സമാധാനമുള്ള പ്രഭാത നടത്തങ്ങളെക്കുറിച്ച് ആ ഫൊട്ടോഗ്രാഫര്‍ പറഞ്ഞ വാക്കുകളില്‍ ആ ദൃശ്യങ്ങളുണ്ടായിരുന്നു. ഈ ദൃശ്യത്തെ കുറിച്ച് പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫ് എഴുതി, മണിപുര്‍ റിവ്യൂവില്‍.
പത്രം വായിക്കാനും ചായ കുടിക്കാനുമായി നടന്ന് പോകുകയും ഒപ്പം നടക്കുന്ന ചൗബ എന്ന മനുഷ്യനേയും തടാകക്കരയില്‍ വെയില്‍ കൊള്ളുന്ന അയാളുടെ താറാവുകളെയും കുറിച്ച് അന്ന് രത്തന്‍ ഒരു ദൃശ്യം ഓര്‍ത്തെടുത്തു. പിന്നീട് ഇത് ജോഷി ജോസഫ് ഇംഫാല്‍ പത്രത്തില്‍ എഴുതുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ആ കാലത്തില്‍ നിന്നെല്ലാം മണിപ്പൂര്‍ പിന്നെയും മാറിയിരിക്കുന്നു...
''രത്‌ന ഭൂമി'' എന്ന അർഥം വരുന്ന Jeweled Land, മണിപ്പൂരെന്ന പേരിന്റെ അര്‍ത്ഥം അതാണ്. മ്യാന്‍മറുമായും നാഗാലാഗാന്‍ഡ്, മിസോറം, അസം സംസ്ഥാനങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന ദേശം. കാടും മലയും അരുവികളും ഇംഫാലെന്ന മലമുകളിലെ പട്ടണവുമുള്ള ഗോത്ര രീതികളും മിഷിനറി സ്ഥാപനങ്ങളുമുള്ള കൊച്ചു സംസ്ഥാനം. പക്ഷേ ഇപ്പോഴത്തെ മണിപ്പൂരിന്റെ പേരിന് വെടിയൊച്ചയും അശാന്തമായ കലാപമുഴക്കങ്ങളുമുള്ളത്. ഇപ്പോഴത്തെ മാത്രമല്ല മണിപ്പൂരിലെ ചരിത്രം അതിന്റെ പ്രകൃതി പ്രശാന്തയ്ക്ക് കടകവിരുദ്ധമാണ്.
1800 കളുടെ മധ്യത്തില്‍ ബര്‍മയുമായി നിരവധി ഏറ്റുമുട്ടലുകള്‍ നടത്തിയ ജനതയാണവര്‍. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ വലിയ മനുഷ്യാവകാശ പ്രശ്‌നങ്ങളും സൈനിക ഇടപെടലുകളും ഒരുപാട് അവിടത്തെ ജനത കണ്ടുകഴിഞ്ഞു. ഇംഫാലില്‍ ഇറോം ശര്‍മിളയുടെ സമാനതകളില്ലാത്ത പ്രതിഷേധം പിന്നീട് ലോകം കണ്ടു. സ്ത്രീകള്‍ പട്ടാളത്തിന്റെ ലൈംഗികാതിക്രമത്തിനെതിരെ രോഷാകുലരായി അര്‍ധനഗ്‌നരായി നഗരത്തിലൂടെ റാലി നടത്തിയതും അക്കാലം കണ്ടു. ഇപ്പോഴത്തെ പുതിയ കലാപങ്ങള്‍ പക്ഷേ, മെയ്‌തേയ് - കുകി വംശീയ സംഘര്‍ഷത്തില്‍ തുടങ്ങുന്നു.
ഇപ്പോള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണവും സംഘര്‍ഷഭരിതവുമായിരിക്കുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ മെയ് മുതല്‍ ഇതുവരെ 200ലധികം പേര്‍ കൊല്ലപ്പെട്ടു. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. 4,786 വീടുകള്‍ പൂര്‍ണമായി നശിപ്പിക്കപ്പെട്ടു. 60,000 ത്തോളം പേര്‍ക്ക് വീട് നഷ്ടപ്പെടുകയോ വീടൊഴിഞ്ഞ് പലായനം ചെയ്യേണ്ടതോ ആയ അവസ്ഥ വന്നു. പുതിയ അക്രമ സംഭവങ്ങളിലൊന്ന് 31 കാരിയായ യുവതിയെ ബലാത്സംഗത്തിനിരയാക്കി ചുട്ടുകൊന്നതാണ്. ഇരുപതോളം വീടുകളും അഗ്‌നിക്കിരയായി. 11 സായുധരായ സാധാരണക്കാരെ സിആര്‍പിഎഫ് വെടിവെച്ച് കൊന്ന വാര്‍ത്ത അതിന് ശേഷം പുറത്തുവന്നു. മണിപ്പൂരില്‍ സമാധാനത്തിന്റെ സൂര്യനുദിക്കുമെന്ന് പാര്‍ലമെന്റില്‍ സംസാരിക്കവേ പ്രതീക്ഷ നല്‍കിയ പ്രധാനമന്ത്രി ഇതുവരെ അവിടെ പോയില്ല.
ഫെര്‍സാള്‍, ജിരിബാം മേഖലയിലടക്കം കുക്കികളുടേത് ഉള്‍പ്പെടെ സുരക്ഷ മുള്‍മുനയിലാണെന്നും കേന്ദ്രം ഇടപെടണമെന്ന് പ്രാദേശിക ഗോത്ര സമിതി ആവശ്യപ്പെട്ടു. വലിയ കലാപ സാധ്യതയെന്ന് ഇന്‍ഡിജെനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറവും മുന്നറിയിപ്പും നല്‍കിയിരുന്നു. പക്ഷേ പ്രകോപനം കൂടുകയാണുണ്ടായത്. അക്രമം പ്രതിരോധിക്കാനും സ്വയരക്ഷക്കുമാണ് 11 പേരെ വെടിവെച്ചിട്ടതെന്ന് സിആര്‍പിഎഫ് പറഞ്ഞു. ശേഷം രണ്ട് മെയ്‌തേയ് വിഭാഗക്കാരുടെ മൃതദേഹങ്ങളും കണ്ടെടുത്തു. വടക്കുകിഴക്കിലെ ഈ കൊച്ചുസംസ്ഥാനത്ത് ചോരക്കളി തുടരുകയാണ്.
ഡ്രോണ്‍ ഉപയോഗിച്ചുള്ള ചെറിയ മിസൈല്‍ ആക്രമണങ്ങളിലേക്ക് വരെ അവിടത്തെ സായുധ ഗ്രൂപ്പുകള്‍ നടത്തുന്നുണ്ട്. തെറ്റിദ്ധാരണയ്ക്കും വൈകാരിക പ്രകടനങ്ങള്‍ക്കുമിടെ അവരുടെ പല പ്രതിഷേധങ്ങളും വലിയ അക്രമണോത്സുകമായ പ്രകോപനമായി മാറുകയും ചെയ്യുന്നു. 2500 സൈനികരെ മേഖലയില്‍ പുതിയതായി കേന്ദ്രം വിന്യസിച്ചു. ഇന്നര്‍ലൈന്‍ പെര്‍മിറ്റ് തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ജിരിബാം അടക്കമുള്ള മൂന്ന് ജില്ലകളില്‍ പ്രത്യേക സൈനിക സവിശേഷാധികാര നിയമം നടപ്പാക്കിയുള്ള ഉത്തരവ് കേന്ദ്രം പുറപ്പെടുവിക്കുകയും ചെയ്തു.
ഇതേ AFSPA നിയമത്തിനെതിരെയാണ് ഇറോം ശര്‍മിളയടക്കം പ്രതിഷേധിച്ചതെങ്കില്‍ അതിലേക്ക് മണിപ്പുര്‍ വീണ്ടും തിരിച്ചെത്തിക്കഴിഞ്ഞു. ബാംഗ്ലൂരില്‍ താമസിക്കുന്ന, രണ്ട് കുട്ടികളായിക്കഴിഞ്ഞ ഇറോം ശര്‍മിള പിന്നീട് മണിപുരിലേക്ക് വന്നില്ല. പക്ഷേ മണിപുരിലെ കലാപം തീരുന്നില്ല. അവരുടെ ഏറ്റുമുട്ടലുകളും വൈകാരികാക്രമണങ്ങളും തുടരുകയാണ്. ആയുധങ്ങളും സ്‌ഫോടക വസ്തുകളും തോക്കുകളും മണിപുര്‍ ഗ്രാമങ്ങളില്‍ നിന്ന് കണ്ടെടുക്കപ്പെടുന്നു. അത് ഇല്ലാതാക്കാനുള്ള ശ്രമത്തില്‍ കേന്ദ്രം ഒരു വിഭാഗത്തിനൊപ്പം മാത്രം നില്‍ക്കുന്നു എന്നതാണ് വിമര്‍ശനം. അതായത്, പ്രശ്‌നങ്ങള്‍ തീര്‍ക്കാതെ, സമാധാനത്തിനായി ഇടപെടാതെ..