
സംസ്ഥാന വ്യാപകമായി റെസ്റ്ററൻ്റുകളില്‍ നടത്തിയ ജിഎസ്‌ടി പരിശോധനയിൽ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. 140 കോടിയോളം രൂപയുടെ വെട്ടിപ്പാണ് ഇൻ്റലിജൻസ് കണ്ടെത്തിയത്. കേരളത്തിലുടനീളം 42 റെസ്റ്ററന്റുകളിലാണ് ജിഎസ്‌ടി ഇൻ്റലിജൻസ് പരിശോധന നടത്തിയത്.
റസ്റ്ററൻ്റ് മേഖലയിൽ നടക്കുന്ന വ്യാപക നികുതി വെട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആറുമാസമായി സ്ഥാപനങ്ങളെ സംസ്ഥാന ജിഎസ്‌ടി ഇൻ്റലിജൻസ് നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് സംസ്ഥാനത്താകെ 42 റസ്റ്ററൻ്റുകളിൽ പരിശോധന നടത്തിയത്. 139.53 കോടിയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്.
മാസങ്ങളായി ഈ റസ്റ്ററൻ്റുകളിൽ രഹസ്യ നിരീക്ഷണം നടത്തുന്നതിൻ്റെ ഭാഗമായി ബില്ലുകൾ ജിഎസ്‌ടി ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. ബില്ലുകളുടെ വൻ ശേഖരം തയ്യാറാക്കിയതിനുശേഷമാണ് പരിശോധന നടത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലെ ഫുഡ് വ്ലോഗർമാരുടെ വീഡിയോകൾ ഡാറ്റാ ശേഖരണത്തിന് ജിഎസ്ടി വകുപ്പ് ഉപയോഗിച്ചിട്ടുണ്ട്. ഹോട്ടലുകളുടെ പേരിലുള്ള പല ഗ്രൂപ്പുകളും നിരീക്ഷണത്തിലായിരുന്നു. പല റസ്റ്ററന്റുകളിലും ബില്ലുകൾ കൊടുക്കാതിരിക്കുക, സോഫ്റ്റ്‌വെയർ കൃത്രിമം നടത്തി വിറ്റുവരവ് കുറച്ചു കാണിക്കുക, ദിവസേന പുതിയ ബിൽ സീരീസ് ഇറക്കുക തുടങ്ങി വിവിധതരത്തിലുള്ള വെട്ടിപ്പുരീതികളാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തെ വെട്ടിച്ച തുകയും ഇത്രയും നാളത്തെ പലിശയും അടച്ചാൽ മാത്രമേ കേസ് അവസാനിക്കൂ.