
രാജ്യത്തിന്‍റെ നികുതി ഘടനയെ അപ്പാടെ മാറ്റിമറിച്ച ജി.എസ്.ടി നടപ്പാക്കിയിട്ട് ഇന്ന് എട്ട് വർഷം. നേട്ടങ്ങൾ എണ്ണിപറഞ്ഞു കേന്ദ്രം അവതരിപ്പിച്ച ജി.എസ്.ടി രാജ്യത്തിന്‍റെ വളർച്ച മുരടിപ്പിച്ചു എന്നാണ് പ്രതിപക്ഷ വിമർശനം.
ഒരു രാഷ്ട്രം, ഒരു നികുതി, ഒരു വിപണി എന്ന ആശയത്തിൽ 2017 ജൂലൈ ഒന്നിനാണ് ജി.എസ്.ടി അഥവാ ചരക്ക് സേവന നികുതി പ്രാബല്യത്തിൽ വരുന്നത്. ഇതോടെ നികുതികളിൽ ചിലത് സംസ്ഥാനവും ചിലത് കേന്ദ്രവും നിയന്ത്രിക്കുന്ന സ്ഥിതി മാറി. എക്സൈസ് ഡ്യൂട്ടി, വാറ്റ്, സേവന നികുതി, തുടങ്ങിയ ഇന്ത്യയിലെ പല പരോക്ഷ നികുതികളും ജി.എസ്.ടിയുടെ കീഴിലായി. യൂറോപ്യൻ യൂണിയന്‍റെ നികുതിഘടനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടായിരുന്നു രാജ്യത്ത് ജി.എസ്.ടി നടപ്പാക്കിയത്.
എന്നാൽ ആദ്യഘട്ടത്തിൽ അനുകൂലിച്ച മുൻ ധനമന്ത്രി തോമസ് ഐസക് വർഷങ്ങൾക്കിപ്പുറം ജി.എസ്.ടി നടത്തിപ്പിനെ തള്ളിപ്പറഞ്ഞു. സമാന നിലപാടായിരുന്നു തമിഴ്നാടിന്റേതും. കേന്ദ്രം ജി.എസ്.ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് നൽകേണ്ടതുൾപ്പെടെയുള്ള തുക വലിയ തോതിൽ വകമാറ്റിയതിനെ സിഎജി കുറ്റപ്പെടുത്തിയിരുന്നു.
സാധാരണക്കാരന് കീറാമുട്ടിയാകില്ലെന്ന് ഉറപ്പ് നൽകിയ ജിഎസ്‌ടി പിന്നീട് നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ചത് വിമർശനത്തിനിടയാക്കി. ആഡംബര സാധനങ്ങളുടെ നികുതി കുറയ്ക്കുകയും നിത്യോപയോഗ സാധനങ്ങളുടെ നികുതി ഉയർത്തുകയും ചെയ്തു എന്നാണ് വിമർശനം. കഴിഞ്ഞ ദിവസം കേരളത്തിലെ റസ്റ്ററന്റുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 60 കോടി രൂപയുടെ ജിഎസ്‌ടി തട്ടിപ്പാണ് കണ്ടെത്തിയത്.