'കാവലും കരുതലും' : പൊലീസിലെ ആത്മഹത്യ തടയാൻ പുതിയ പദ്ധതി

കേരള പൊലീസിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പൊലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ 'കാവലും കരുതലും' എന്ന പേരിൽ പദ്ധതി രൂപീകരിച്ചത്.
'കാവലും കരുതലും' : പൊലീസിലെ ആത്മഹത്യ തടയാൻ പുതിയ പദ്ധതി
Published on

പൊലീസ് സേനയിലെ ഉദ്യോഗസ്ഥർക്കിടയിലെ ആത്മഹത്യ തടയാന്നുതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും പുതിയ പദ്ധതിയുമായി ക്രമസമാധാന വിഭാഗം എഡിജിപി എം.ആർ അജിത് കുമാർ. 'കാവലും കരുതലും' എന്ന പേരിൽ എല്ലാ സ്റ്റേഷനുകളിലും കമ്മിറ്റി രൂപീകരിക്കാനാണ് എഡിജിപി നിർദേശം. 

കേരള പൊലീസിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പൊലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ 'കാവലും കരുതലും' എന്ന പേരിൽ പദ്ധതി രൂപീകരിക്കുന്നത്. എല്ലാ സ്റ്റേഷനുകളിലും പരാതി പരിഹാര കമ്മിറ്റികൾ രൂപീകരിക്കും.

എസ്എച്ച്ഒയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കമ്മിറ്റിയിൽ പൊലീസ് അസോസിയേഷൻ ഭാരവാഹികൾ, സ്പെഷ്യൽ ബ്രാഞ്ച് പ്രതിനിധികൾ, വനിതാ പൊലീസ് പ്രതിനിധികൾ എന്നിവരുണ്ടാകും. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 09.30 ന് ചേരുന്ന കമ്മിറ്റിയിൽ, ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പങ്കെടുക്കാം.

വ്യക്തിപരമായും സർവീസ് പരമായുള്ള ബുദ്ധിമുട്ടുകൾ കമ്മിറ്റിയിൽ അറിയിക്കാം. സ്റ്റേഷൻ തലത്തിൽ പരിഗണിക്കാനാകുന്നത് 24 മണിക്കൂറിനുള്ളിൽ പരിഹരിക്കണമെന്നും, അല്ലാത്തവയുണ്ടെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ പരിഹരിക്കണമെന്നുമാണ് നിർദ്ദേശം. സ്റ്റേഷൻ തലത്തിൽ പരിഹരിക്കാനാകാത്ത പരാതികൾ അന്നുതന്നെ ജില്ലാ പൊലീസ് മേധാവിയെ അറിയിക്കണം.

എഡിജിപിയുടെ വാട്സ്ആപ്പ് നമ്പറിലും ഇ-മെയിലിലും പരാതി അയയ്ക്കാം. ഇങ്ങനെ അയക്കുന്ന പരാതികൾ വെള്ളിയാഴ്ച ചേരുന്ന ഓൺലൈൻ മീറ്റിങ്ങിൽ പരിഹരിക്കും. യൂണിറ്റ് മേധാവിയുടെ അനുവാദത്തോടെ ഉദ്യോഗസ്ഥർക്ക് നേരിൽ കണ്ട് പരാതി അറിയിക്കാനും അവസരമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com