
സംസ്ഥാനത്തെ ഹാർബറുകളിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന മത്സ്യതൊഴിലാളികൾക്കായി അതിഥി തൊഴിലാളി തിരിച്ചറിയൽ കാർഡുകൾ നൽകി ഫിഷറീസ് വകുപ്പ്. തൊഴിൽ വകുപ്പിൻ്റെ സഹകരണത്തോടെ ഇതര സംസ്ഥാന മത്സ്യതൊഴിലാളികളുടെ പ്രവർത്തനം ഏകോപിപ്പിക്കുക, ഇവർക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുക എന്നിവയുടെ ഭാഗമായാണ് കാർഡുകൾ വിതരണം ചെയ്യുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കുകയും, അപകട ഇൻഷൂറൻസ്, ചികിത്സ ധനസഹായം എന്നിവ ഉറപ്പാക്കുകയുമാണ് പുതിയ നീക്കത്തിൻ്റെ ലക്ഷ്യം.
സംസ്ഥാനത്തെ വിവിധ ഹാർബറുകളിലായി പതിനായിരത്തോളം ഇതര സംസ്ഥാന മത്സ്യതൊഴിലാളികളാണ് ജോലി ചെയ്യുന്നത്. എന്നാൽ സംസ്ഥാനത്തെ മത്സ്യതൊഴിലാളികൾക്ക് ലഭിക്കുന്ന പല ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കാറില്ല. ഈ സാഹചര്യത്തിലാണ് ഇതര സംസ്ഥാന മത്സ്യതൊഴിലാളികൾക്കായി അതിഥി തൊഴിലാളി തിരിച്ചറിയൽ കാർഡുകൾ നൽകാൻ ഫിഷറീസ് വകുപ്പ് തീരുമാനിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴിൽ വകുപ്പിൻ്റെ സഹകരണത്തോടെ ഇതര സംസ്ഥാന മത്സ്യ തൊഴിലാളികളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും, ഇവർക്ക് അർഹിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നൽകാനുമാണ് തീരുമാനം. അതിഥി തൊഴിലാളി കാർഡുകൾ നൽകുക വഴി ഇവർക്ക് അപകട ഇൻഷൂറൻസ്, ചികിത്സ ധനസഹായം എന്നിവയും ഉറപ്പാക്കും.
കോഴിക്കോട് ജില്ലയിലെ ബേപ്പൂർ ഹാർബറിൽ മാത്രം രണ്ടായിരത്തി അഞ്ഞൂറിലധികം ഇതര സംസ്ഥാന മത്സ്യതൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ബോട്ട് ഉടമകളുടെ സംഘടനകളോടും, ഹാർബർ മാനേജ്‌മെൻ്റ് പ്രതിനിധികളോടും ചേർന്ന് നടത്തിയ കൂട്ടായ ചർച്ചകൾക്കും, വിവര ശേഖരണത്തിനും ശേഷം പത്ത് ഇതര സംസ്ഥാന മത്സ്യതൊഴിലാളികൾക്ക് അതിഥി തൊഴിലാളി തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. ഇത് മറ്റു ജില്ലകളിലേക്കും ഉടനെ വ്യാപിപ്പിക്കാനാണ് ഫിഷറീസ്, തൊഴിൽ വകുപ്പുകളുടെ തീരുമാനം.