
പെരുമ്പാവൂർ വട്ടക്കാട്ട്പടിയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. ഒഡീഷ സ്വദേശി ആകാശ് ദിഗലാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഒഡീഷ സ്വദേശി അഞ്ജന നായിക്ക് ഓടി രക്ഷപ്പെട്ടു.
പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടി എസ്എൻഡിപിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന ഒഡീഷ സ്വദേശി ആകാശ് ദിഗലാണ് ഇന്ന് രാവിലെ കൊല്ലപ്പെട്ടത്. വാടക കെട്ടിടത്തിലെ മറ്റൊരു താമസക്കാരനായ അഞ്ജന നായികാണ് ആകാശിനെ കൊലപ്പെടുത്തിയത്.
ഇരുവരും തമ്മിൽ നില നിന്നിരുന്ന തർക്കമാണ് കൊലപാതകത്തിന് കാരണം. ഇരുവരുടെയും തർക്കം ഇന്ന് രാവിലെ ഏഴരയോടെ മൂർച്ഛിക്കുകയും കത്തിക്കുത്തിൽ അവസാനിക്കുകയുമായിരുന്നു. പരുക്കേറ്റ ആകാശിനെ ഉടൻ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയ്ക്കായി പെരുമ്പാവൂർ പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.