
തിരുവനന്തപുരം ശ്രീകാര്യത്ത് സോണൽ ഓഫീസിൻ്റെ മതിലിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ഇതര സംസ്ഥാന തൊഴിലാളി. വൈദ്യുതി ലൈൻ കഴുത്തിൽ മുറുക്കിയായിരുന്നു ആത്മഹത്യ ശ്രമം. തുടർന്ന് നാട്ടുകാർ പൊലീസിലും ഫയർ ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. യുവാവിനെ താഴെ ഇറക്കിയെങ്കിലും മൊട്ടു സൂചിയും കല്ലും അടക്കം വായിലിട്ടായി പിന്നീട് യുവാവിൻ്റെ പ്രകടനം. പേരു വിവരങ്ങൾ അറിയാൻ ശ്രമിച്ചങ്കിലും ആംഗ്യ ഭാഷയിലായിരുന്നു യുവാവ് മറുപടി നൽകിയത്.
മാനസിക വിഭ്രാന്തിയുണ്ടെന്ന് സംശയിക്കുന്ന ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ചെല്ലമംഗലം ദേവീക്ഷേത്രത്തിൽ പ്രശ്നം ഉണ്ടാക്കുകയും, ബസ് സ്റ്റാൻഡിൽ ഇരുന്ന സ്ത്രീയെ അക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. രാവിലെ 11 മണിയോടെയാണ് ഇതര സംസ്ഥാന തൊഴിലാളി ശ്രീകാര്യം സോണൽ ഓഫീസിൻ്റെ മതിലിൽ കയറി ജീവനൊടുക്കാൻ ശ്രമിച്ചത്.
ഇയാൾ ചെല്ലമംഗലം ദേവീ ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കയറി പ്രശ്നം സൃഷ്ടിച്ചിരുന്നെന്നും ബസ് സ്റ്റാൻ്റിൽ ഉണ്ടായിരുന്ന സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ചെന്നും നാട്ടുകാർ പറയുന്നു. സ്വബോധത്തിൽ ഇത്തരം പ്രവർത്തികൾ ചെയ്യില്ലെന്ന് പൊലീസ് പറയുന്നു. ഇയാൾ മാനസിക വിഭ്രാന്തിയുള്ള ആളാണന്നും മദ്യ ലഹരിയിലാണ് അക്രമം നടത്തിയതെന്നുമാണ് പൊലീസ് സംശയിക്കുന്നത്.