
സംസ്ഥാനത്ത് ഇതുവരെ 37 ചാന്ദിപുര വൈറസ് കേസുകൾ സ്ഥിരീകരിച്ചതായി ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ പറഞ്ഞു. 133 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 37 കേസുകൾ ആണ് ചാന്ദിപുര വൈറസ് ആണെന്ന് സ്ഥിരീകരിച്ചത്. ബാക്കി കേസുകളിൽ ചാന്ദിപുര വൈറസിന്റെ രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും, രോഗം പടർന്ന് പിടിക്കാതിരിക്കാൻ സർക്കാർ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം 10 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധിച്ച് ഇതുവരെ മരിച്ചത്.
റാബ്‌ഡോവിറിഡേ ഇനത്തിൽ പെട്ട വൈറസാണ് ചാന്ദിപുര. ഈഡിസ് ഈജിപ്റ്റി കൊതുകുകളും ചാന്ദിപുര വൈറസിൻ്റെ വാഹകരായി കണക്കാക്കപ്പെടുന്നു. വൈറസ് മൂലമുണ്ടാകുന്ന അണുബാധ കേന്ദ്ര നാഡീവ്യൂഹത്തിലേക്ക് വ്യാപിച്ചാണ് മരണം സംഭവിക്കുക. പനി, ശരീരവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ചാന്ദിപുര വൈറസ് അണുബാധ പ്രകടമാകുന്നത്. രോഗം സ്ഥിരീകരിച്ച് 24 മുതൽ 48 മണിക്കൂറിനുള്ളിൽ മരണത്തിലേക്ക് നയിച്ചേക്കാം. ഇന്ത്യയിൽ നിന്നുള്ള മുൻകാല പഠനങ്ങളിൽ ശ്വാസതടസം , രക്തസ്രാവം, വിളർച്ച തുടങ്ങിയ മറ്റ് ലക്ഷണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.