
ഇറാൻ്റെ എണ്ണ കേന്ദ്രങ്ങളെ ആക്രമിക്കാനുള്ള ഇസ്രയേലിൻ്റെ നീക്കത്തെ തടയണമെന്ന് അമേരിക്കയോട് ആവശ്യവുമായി ഗൾഫ് രാജ്യങ്ങൾ. ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാകില്ലെന്നാണ് സൗദി അറേബ്യക്ക് ഇറാൻ നൽകിയിരിക്കുന്ന മറുപടി.
ഇറാൻ ഇസ്രയേലിൽ നടത്തിയ മിസൈൽ ആക്രമണത്തിന് മറുപടിയായാണ് ഇറാന്‍റെ എണ്ണപ്പാടങ്ങൾ ആക്രമിക്കുക. അമേരിക്കയും ഇസ്രയേലും ഈ നീക്കത്തിന് ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകളാണ് ഗൾഫ് രാജ്യങ്ങളെ ആശങ്കയിലാക്കുന്നത്. ഇറാന്‍റെ എണ്ണപ്പാടം ആക്രമിച്ചാൽ തിരിച്ചടി ഇസ്രയേലിൽ മാത്രം ആകണമെന്നില്ല. ഹൂതികളും ഹിസ്ബുള്ളയും ഹമാസും ഗൾഫിലെ ഏതു രാജ്യത്തിന്‍റെ എണ്ണപ്പാടങ്ങളിലും തിരിച്ചടി നൽകാം. ഇതാണ് ഗൾഫ് രാജ്യങ്ങളെ ആശങ്കയിലാക്കുന്നത്.
ഇറാന് തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പറഞ്ഞിരുന്നു. എന്നാൽ തിരിച്ചടിച്ചാൽ ഇസ്രയേലിനെ കാത്തിരിക്കുന്നത് വിനാശമാണെന്നാണ് ഇറാൻ്റെ മറുപടി. സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നിവ ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ വ്യോമാതിർത്തിയെ ഉപയോഗിക്കാൻ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ആക്രമണം നടത്താൻ ഇസ്രായേലിന് എന്തെങ്കിലും സഹായം നൽകിയാൽ ഗൾഫ് രാജ്യത്തിൻ്റെ എണ്ണശാലകളുടെ സുരക്ഷ ഉറപ്പുനൽകാൻ കഴിയില്ലെന്ന് ഇറാൻ സൗദി അറേബ്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേലിന് പ്രാദേശിക പിന്തുണ നല്‍കിയാല്‍ ഇറാഖ്, യെമൻ പോലുള്ള സഖ്യകക്ഷികളില്‍ നിന്ന് പ്രതികരണമുണ്ടാകുമെന്നും ഇറാൻ വ്യക്തമാക്കി.
സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സല്‍മാനും ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്‌ചിയും തമ്മിലുള്ള ചർച്ചയിലെ പ്രധാന വിഷയവും ഇസ്രയേൽ ആക്രമണങ്ങളെക്കുറിച്ചായിരുന്നു. കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും നടത്തിയ ഫോൺ സംഭാഷണത്തിൽ ഇറാന് തിരിച്ചടി നല്‍കുന്നതില്‍ പൂർണ പിന്തുണയാണ് അമേരിക്ക വാഗ്ദാനം ചെയ്തിരിക്കുന്നത്.
ALSO READ: ലബനനിൽ യുഎൻ സമാധാന സേനയ്ക്ക് നേരെ ഇസ്രയേൽ ആക്രമണം; രണ്ടുപേർക്ക് പരുക്ക്