തെരഞ്ഞെടുപ്പുകാലത്ത് ജയിലില്‍ നിന്നിറങ്ങുന്ന ഗുര്‍മീത് റാം; പരോളിന്റെ രാഷ്ട്രീയ നേട്ടം ആർക്ക്?

തെരഞ്ഞെടുപ്പുകാലങ്ങളില്‍ ഗുര്‍മീതിന് പരോള്‍ അനുവദിക്കപ്പെടുന്നതിന്റെ രാഷ്ട്രീയം അത്ര നിഷ്കളങ്കമല്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കാലങ്ങളായുള്ള ആരോപണം
ഗുര്‍മീത് റാം റഹീം
ഗുര്‍മീത് റാം റഹീം
Published on

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ബലാത്സംഗക്കേസിലും കൊലക്കേസിലും പ്രതിയായ, ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹീമിന് പരോള്‍ ലഭിച്ചിരിക്കുന്നത്. ഹരിയാനയില്‍ പ്രവേശിക്കരുത്, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിൽ പങ്കെടുക്കരുത്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടോ അല്ലാതെയോ സാമുഹ്യ മാധ്യമങ്ങളിൽ പോലും പ്രത്യക്ഷപ്പെടരുത് എന്നിങ്ങനെ ഉപാധികളോടെയാണ് 20 ദിവസത്തെ പരോള്‍. എന്നിരുന്നാലും, നിയമസഭ, ലോക്‌സഭ അല്ലെങ്കില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുകാലവും ഗുര്‍മീതിന്റെ പരോളും ഒന്നിച്ചുവരുന്നത് ആദ്യമായല്ല. അതുകൊണ്ട് തന്നെ, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും വോട്ട് കച്ചവടത്തിനുമാണ് ഗുര്‍മീതിന് പരോള്‍ നല്‍കിയതെന്ന വിമര്‍ശനം ശക്തമാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ അത്രയെളുപ്പത്തില്‍ തള്ളിക്കളയാനുമാവില്ല.

ബലാത്സംഗ, കൊലപാതക കേസുകളില്‍ 20 വര്‍ഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ട ഗുര്‍മീത്, ഏഴ് വര്‍ഷമായി രോഹ്തക്കിലെ സുനാരിയ ജയിലിലാണ്. ഇതിനിടെ 15 തവണയാണ് പരോള്‍ അനുവദിച്ചത്. അതായത് 259 ദിവസങ്ങള്‍ അയാള്‍ ജയിലിനു പുറത്തായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പരോള്‍ ലഭിച്ച ഗുര്‍മീത്, 2022 ഫെബ്രുവരിയില്‍ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകാലത്തും 21 ദിവസം പുറത്തുണ്ടായിരുന്നു. 2022 ജൂണില്‍ നടന്ന ഹരിയാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകാലത്തും ഗുര്‍മീതിന് പരോള്‍ ലഭിച്ചിരുന്നു. ഇത്തരത്തില്‍ തെരഞ്ഞെടുപ്പുകാലങ്ങളില്‍ ഗുര്‍മീതിന് പരോള്‍ അനുവദിക്കപ്പെടുന്നതിന്റെ രാഷ്ട്രീയം അത്ര നിഷ്കളങ്കമല്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കാലങ്ങളായുള്ള ആരോപണം. എന്നാല്‍, ജയില്‍ നിയമങ്ങള്‍ അനുസരിച്ചാണ് ഗുര്‍മീതിന് പരോള്‍ നല്‍കുന്നതെന്നാണ് ആരോപണങ്ങള്‍ക്കുള്ള ബിജെപി സര്‍ക്കാരിന്റെ മറുപടി.

ഹരിയാനയ്ക്കൊപ്പം, പഞ്ചാബ്, യു.പി സംസ്ഥാനങ്ങളില്‍ കൂടി നിര്‍ണായക സ്വാധീനമുള്ള ആത്മീയനേതാവാണ് ഗുര്‍മീത്. ആയാറാം ഗയറാം രാഷ്ട്രീയത്തിലെ പവർ ബ്രോക്കർ എന്നും അറിയപ്പെടുന്നു. ദേരാ സച്ചാ സൗദായ്ക്ക് 1.25 കോടിയോളം അനുയായികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. 38 ദേരാ ശാഖകളില്‍ 21 എണ്ണവും ഹരിയാനയിലാണ്. ഹരിയാനയിലെ 26 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ഫത്തേബാദ്, കൈതാല്‍, കുരുക്ഷേത്ര, സിര്‍സ, കര്‍ണാല്‍, ഹിസാര്‍ എന്നിങ്ങനെ ആറ് ജില്ലകളില്‍ നിര്‍ണായക സ്വാധീനവുമുണ്ട്. സവര്‍ണരും അവര്‍ണരും ഒരുപോലെ ഉള്‍പ്പെടുന്നതാണ് ദേരാ സച്ചാ സൗദാ സംഘം. ലക്ഷക്കണക്കിന് ദളിതര്‍ക്കൊപ്പം, സിഖുകാരിലെ പിന്നാക്കക്കാരായ മജാബികളും അവരില്‍ ഉള്‍പ്പെടുന്നു. സാധാരണ ഗതിയില്‍ ഹരിയാനയിലെ സവര്‍ണ വോട്ടുകള്‍ കോണ്‍ഗ്രസിനും, ബിജെപിക്കുമായി വിഭജിക്കപ്പെടുകയാണ് പതിവ്. എന്നാല്‍ ഗുര്‍മീതിന്റെ നിര്‍ദേശങ്ങളാണ് സവര്‍ണരും അവര്‍ണരും ഉള്‍പ്പെടുന്ന ദേരാ സച്ചാ സൗദാ പ്രവര്‍ത്തകരുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നത്. തെരഞ്ഞെടുപ്പുകാലത്ത് ഗുര്‍മീതിന്റെ പരോള്‍, വോട്ടെടുപ്പില്‍ കാര്യമായ സ്വാധീനം ചെലുത്തിയേക്കുമെന്ന് സാരം. അതിനാല്‍, ബിജെപിയോ കോണ്‍ഗ്രസോ ദേരാ സച്ചാ സൗദായോട് അകലം പാലിക്കാറില്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഇരു കക്ഷികളുടെയും നേതാക്കള്‍ സംഘത്തിന്റെ ആസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതും ഒഴിവാക്കാറില്ല.

ഗുര്‍മീതിന്റെ പരോള്‍ ആര്‍ക്ക് ഗുണം ചെയ്യും എന്നതാണ് അടുത്ത ചോദ്യം. 2007ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേരാ സച്ചാ സൗദാ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 2014ല്‍ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പിന്തുണ ബിജെപിക്കായിരുന്നു. 2015ല്‍, ന്യൂ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പരസ്യ പിന്തുണ അറിയിച്ച് രംഗത്തെത്തി. 2015ലെ ബിഹാര്‍ തെരഞ്ഞെടുപ്പിലും പിന്തുണ ബിജെപിക്കായിരുന്നു. മാത്രമല്ല, മൂവായിരത്തോളം ദേരാ സച്ചാ സൗദാ അനുയായികള്‍ ബിഹാറില്‍ ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനുമിറങ്ങി. അതുകൊണ്ട് ഗുര്‍മീതിന്റെ പരോളിന്റെ ഗുണം ബിജെപിക്കാണെന്നാണ് കോണ്‍ഗ്രസ്, ശിരോമണി അകാലി ദള്‍ ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. പരോള്‍ ലഭിക്കുന്നതിനു മുൻപേ ബിജെപി ഗുര്‍മീതുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ആരോപണമുണ്ട്. ദേരാ സച്ചാ സൗദാ ചില സ്ഥാനാർഥികൾക്കുവേണ്ടി വോട്ട് ഏകീകരിക്കാൻ തീരുമാനിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഗുര്‍മീതിന്റെ പരോള്‍ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്, ശിരോമണി അകാലി ദള്‍, സിഖ് സംഘടനകള്‍, ഗുര്‍മീത് കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്റെ മകന്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതെല്ലാം തള്ളിയാണ് ബിജെപി സര്‍ക്കാര്‍ ഗുര്‍മീതിന് പരോള്‍ അനുവദിച്ചത്. ജയില്‍ നിയമങ്ങള്‍ പാലിച്ചും ഉപാധികളോടെയുമാണ് പരോള്‍ എന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. യുപിയിലെ ആശ്രമത്തിൽ തുടരുമെന്ന് ഗുർമീത് ഉറപ്പുനൽകിയിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ ഭാഷ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com