ഗവായിയെ പഠിപ്പിച്ച മാത്യു സാര്‍; 51 വര്‍ഷമായി തുടരുന്ന ഗുരുശിഷ്യ ബന്ധം

തൻ്റെ ജീവിതത്തിൽ എന്തെല്ലാം മറന്നാലും ഉത്തര പേപ്പർ ഗവായിക്ക് നൽകിയ ആ ദിവസം മറക്കില്ലെന്ന് മാത്യു സാർ പറഞ്ഞു
ഗവായിയെ പഠിപ്പിച്ച മാത്യു സാര്‍; 51 വര്‍ഷമായി തുടരുന്ന ഗുരുശിഷ്യ ബന്ധം
Published on

ബോംബെ ഹോളിനെയിം സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിലെ മൂന്നാംനിരയിലെ ബെഞ്ചിൽ വലതുവശത്ത് ഇരുന്ന കുട്ടി, ഇന്ന് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ്. തൻ്റെ ശിക്ഷ്യനായ ബി. ആർ. ഗവായിയുമായുള്ള ഓർമകൾ പങ്കുവയ്‌ക്കുകയാണ് അധ്യാപകനായ പത്തനംതിട്ട മേക്കൊഴിയൂർ സ്വദേശി പി. എസ് മാത്യു.  51 വർഷത്തെ ഗുരുശിഷ്യ ബന്ധമാണ് പി. എസ്. മാത്യുവും ജസ്റ്റിസ് ബി. ആർ. ഗവായിയും തമ്മിലുള്ളത്.

1973-74 കാലഘട്ടത്തിൽ ബോംബെ ഹോളിനെയിം സെക്കൻഡറി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായിരുന്നു പി. എസ്. മാത്യു. "മാർക്ക് കുറഞ്ഞതിൻ്റെ പേരിലാണ് ഗവായിയുമായിട്ട് ആദ്യം സംസാരിക്കുന്നത്. അന്ന് അവനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ദേഷ്യം വന്നപ്പോൾ എല്ലാവരോടും പറയുന്ന പോലെ ഗവായിയോടും പറഞ്ഞു. പോയി ഉത്തരപേപ്പറിൽ നിൻ്റെ അപ്പൻ്റെയോ, അമ്മയുടെയോ ഒപ്പിട്ടിട്ട് മാത്രം ക്ലാസിലേക്ക് വരാൻ പറഞ്ഞയച്ചു. അച്ഛനു താങ്കളെ കാണണമെന്ന ആവശ്യവുമായി ആ എട്ടാം ക്ലാസുകാരൻ എത്തിയപ്പോൾ മനസിൽ പേടി തോന്നി", പി. എസ്. മാത്യു സാർ പറഞ്ഞു.


തുടർന്ന് കാർ എത്തി നിന്നത് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് അസംബ്ലി ഉപാധ്യക്ഷൻ്റെ ഔദ്യോഗിക വസതിക്ക് മുന്നിലായിരുന്നു. ഗവായിയുടെ മാതാപിതാക്കൾ തന്നെ കൂപ്പു കൈകകളോടെയാണ് സ്വീകരിച്ചത്. അപ്പോഴാണ് കുറച്ച് ആശ്വാസം തോന്നിയത്. കുഞ്ഞുങ്ങളെ നല്ലൊരു സ്റ്റേജിലേക്ക് എത്തിക്കണമെന്നും, രാഷ്ട്രത്തിന് കൊള്ളാവുന്ന മനുഷ്യനായി രൂപപ്പെടുത്തണമെന്നും മാത്രമാണ് അവർ ആവശ്യപ്പെട്ടതെന്നും മാത്യു സാർ ഓർത്തെടുത്തു. 


മൂന്നര വർഷക്കാലം ബി. ആർ. ഗവായിയുടെയും സഹോദരങ്ങളുടെയും അധ്യാപകനായി. തൻ്റെ ജീവിതത്തിൽ എന്തെല്ലാം മറന്നാലും ഉത്തരപേപ്പർ ഗവായിക്ക് നൽകിയ ആ ദിവസം മറക്കില്ലെന്ന് മാത്യു സാർ പറഞ്ഞു. വർഷങ്ങൾക്കുശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയഅപ്പോഴാണ് ബി. ആർ. ഗവായിയുടെ അച്ഛൻ ആർ. എസ് ഗവായി കേരള ഗവർണറായി ചുമതലയേറ്റത്. കുടുംബവുമായി ഇന്നും കാത്തുസൂക്ഷിക്കുന്ന അടുപ്പമാണ് സത്യപ്രതിജ്ഞ ചടങ്ങിനുള്ള ക്ഷണത്തിൽ എത്തിച്ചതെന്നും മാത്യു സാർ പറഞ്ഞു. വടിയെടുത്തല്ല, സ്നേഹത്തിലൂടെയാണ് അധ്യാപകർ വിദ്യാർഥികളെ നയിക്കേണ്ടതെന്ന കാര്യവും മാത്യു സാർ പങ്കുവെച്ചു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com