
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെ നേരിട്ട പ്രതിസന്ധികൾ വെളിപ്പെടുത്തി ആം ആദ്മി പാർട്ടി (എഎപി) നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. തന്നെ അരവിന്ദ് കെജ്‌രിവാളിനെതിരെ തിരിക്കുവാൻ ശ്രമിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
"അവർ എന്നെ തകർക്കാൻ ശ്രമിച്ചു. അരവിന്ദ് കെജ്‌രിവാൾ എന്നെ കുടുക്കിയതാണെന്നാണ് എന്നോട് പറഞ്ഞത്. കെജ്‌രിവാളിൻ്റെ പേര് പറഞ്ഞാൽ, നിങ്ങൾക്ക് രക്ഷപ്പെടാമെന്നും ജയിലിൽ വെച്ച് എന്നോട് പറഞ്ഞു," സിസോദിയ പറഞ്ഞു. ഒരു പാർട്ടി പരിപാടിക്കിടെയായിരുന്നു മനീഷ് സിസോദിയയുടെ വെളിപ്പെടുത്തൽ.
തനിക്ക് ബിജെപിയിലേക്ക് മാറുവാൻ ഓഫറുകൾ ലഭിച്ചിരുന്നതായും സിസോദിയ വെളിപ്പെടുത്തി. രോഗിയായ ഭാര്യയെക്കുറിച്ചും കോളേജിൽ പഠിക്കുന്ന മകനെക്കുറിച്ചും ആലോചിക്കുവാനും ആവശ്യപ്പെട്ടു. ഞാൻ പറഞ്ഞത് നിങ്ങൾ പിരിക്കാൻ ശ്രമിക്കുന്നത് ലക്ഷമണനേയും ശ്രീരാമനേയുമാണെന്നായിരുന്നു. 26 വർഷമായി അരവിന്ദ് കെജ്‌രിവാൾ എൻ്റെ സഹോദരനും രാഷ്ട്രീയത്തിലെ വഴികാട്ടിയുമാണ്.
"2002 ൽ ജേർണലിസ്റ്റ് ആയിരുന്ന സമയത്ത് 5 ലക്ഷത്തിന് ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. അത് അവർ പിടിച്ചെടുത്തു. എൻ്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 10 ലക്ഷം രൂപയും അവർ പിടിച്ചെടുത്തു. ഇഡി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനാൽ എനിക്ക് മകൻ്റെ ഫീസടക്കാൻ യാചിക്കേണ്ടി വന്നിട്ടുണ്ട്"-സിസോദിയ കൂട്ടിച്ചേർത്തു.
അതേസമയം, മനീഷ് സിസോദിയയെ കെജ്‌രിവാൾ തള്ളിപ്പറഞ്ഞുവെന്ന വാർത്തകൾക്ക് നേരെ കെജ്‌രിവാൾ തന്നെ രംഗത്തെത്തിയിരുന്നു. സിസോദിയ കുറ്റക്കാരനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും സിസോദിയയും ആംആദ്മി പാർട്ടിയും താനും കുറ്റം ചെയ്തിട്ടില്ലെന്നാണ് താൻ പറഞ്ഞതെന്നും കെജ്‌രിവാൾ വ്യക്തമാക്കിയിരുന്നു.
ഒന്നര വർഷത്തെ ജയിൽവാസത്തിന് ശേഷം മനീഷ് സിസോദിയ്ക്ക് കഴിഞ്ഞ മാസവും അരവിന്ദ് കെജ്‌രിവാളിന് സെപ്റ്റംബർ പതിമൂന്നിനുമാണ് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഇരുവരും മുഖ്യമന്ത്രി സ്ഥാനവും ഉപമുഖ്യമന്ത്രി സ്ഥാനവും രാജിവെച്ചിരുന്നു.