കനത്ത ചൂടില്‍ വലഞ്ഞ് ഹജ്ജ് തീര്‍ത്ഥാടകര്‍, മക്കയില്‍ ജീവന്‍ പൊലിഞ്ഞത് 68 ഇന്ത്യക്കാര്‍ക്ക്

മക്കയില്‍ തീര്‍ത്ഥാടനത്തിനെത്തിയ 645 പേരാണ് ഇത്തവണ മരിച്ചത്. ഇതില്‍ 68 പേര്‍ ഇന്ത്യക്കാരാണ്
കനത്ത ചൂടില്‍ വലഞ്ഞ് ഹജ്ജ് തീര്‍ത്ഥാടകര്‍, മക്കയില്‍ ജീവന്‍ പൊലിഞ്ഞത് 68 ഇന്ത്യക്കാര്‍ക്ക്
Published on

മക്കയില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തിയ 68 ഇന്ത്യക്കാര്‍ മരിച്ചതായി സൗദി അധികൃതര്‍. മരണപ്പെട്ട തീര്‍ത്ഥാടകരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായി. മക്കയില്‍ തീര്‍ത്ഥാടനത്തിനെത്തിയ 645 പേരാണ് ഇത്തവണ മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ നിന്നുള്ളവരില്‍ പ്രായമായ തീര്‍ത്ഥാടകരുണ്ടായിരുന്നെന്നും ഇവരില്‍ ചിലരുടെ മാത്രം മരണമാണ് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായതെന്നും അധികൃതര്‍ പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. 

ചില ഇന്ത്യന്‍ തീര്‍ത്ഥാടകരെ കാണാതായതായും സൗദി നയതന്ത്രജ്ഞന്‍ പറഞ്ഞെങ്കിലും കൃത്യമായ എണ്ണം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം ഹജ്ജ് കര്‍മത്തിനിടയില്‍ മലയാളി തീര്‍ത്ഥാടകന്‍ മലപ്പുറം കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി വെള്ളമാര്‍തൊടിക ഹംസ കുഴഞ്ഞുവീണ് മരിച്ചിരുന്നു. 

മക്കയില്‍ ചൊവ്വാഴ്ച 550 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മരണസംഖ്യ വീണ്ടും ഉയര്‍ന്നിരിക്കുന്നത്. ഈ വര്‍ഷമുണ്ടായ അനിയന്ത്രിത ചൂടാണ് മരണത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 52 ഡിഗ്രി സെലിഷ്യസ് ചൂടാണ് ഇത്തവണ മക്കയില്‍ അനുഭവപ്പെട്ടിരുന്നത്. കടുത്ത ചൂടുമായി ബന്ധപ്പെട്ടുണ്ടായ അസുഖങ്ങളാണ് പ്രധാനമായും മരണത്തിന് കാരണമായത്. എന്നാല്‍ ഇത് എല്ലാ വര്‍ഷവും സംഭവിക്കുന്നതാണെന്നും അസാധാരണമെന്ന് പറയാന്‍ കഴിയില്ലെന്നും അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 200ലധികം തീര്‍ത്ഥാടകര്‍ക്കാണ് മക്കയില്‍ നിന്നും ജീവന്‍ നഷ്ടപ്പെട്ടത്.

മുസ്ലീം സമുദായത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് മക്ക. എല്ലാ മുസ്ലീങ്ങളും ഒരു തവണയെങ്കിലും ഹജ്ജ് സന്ദര്‍ശിക്കണമെന്നാണ് വിശ്വാസം. എന്നാല്‍ വലിയ കാലാവസ്ഥാ വ്യതിയാനത്തിലൂടെയാണ് മക്ക ഇപ്പോള്‍ നീങ്ങികൊണ്ടിരിക്കുന്നത്. സൗദി അറേബ്യ നടത്തിയ പഠനപ്രകാരം എല്ലാ പതിറ്റാണ്ടിലും മക്കയില്‍ 0.4 ഡിഗ്രീ തോതില്‍ ചൂട് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മക്കയില്‍ 51.8 ഡിഗ്രി ചൂട് സ്ഥരീകരിച്ചതായി സൗദിയുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ഈ വര്‍ഷം ഏകദേശം 1.8 ദശലക്ഷം തീര്‍ഥാടകരാണ് ഹജ്ജില്‍ പങ്കെടുത്തത്, ഇതില്‍ 1.6 ദശലക്ഷം പേര്‍ വിദേശത്ത് നിന്നുള്ളവരാണെന്ന് സൗദി അധികൃതര്‍ പറയുന്നു. 2,000-ത്തിലധികം തീര്‍ഥാടകര്‍ക്ക് ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടതായി സൗദി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഞായറാഴ്ചക്ക് ശേഷം കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. കടുത്ത ചൂടില്‍ കഴിഞ്ഞ വര്‍ഷം കുറഞ്ഞത് 240 തീര്‍ഥാടകര്‍ മരിച്ചതായി വിവിധ രാജ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പകല്‍ ചൂടുള്ള സമയങ്ങളില്‍ കുടകള്‍ ഉപയോഗിക്കാനും ധാരാളം വെള്ളം കുടിക്കാനും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാനും സൗദി അധികൃതര്‍ തീര്‍ഥാടകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ശനിയാഴ്ച നടന്ന അറഫാത്ത് പര്‍വതത്തിലെ പ്രാര്‍ത്ഥനകള്‍ ഉള്‍പ്പെടെയുള്ള പല ഹജ്ജ് ചടങ്ങുകളിലും തീര്‍ത്ഥാടകര്‍ക്ക് മണിക്കൂറുകളോളം കടുത്ത വെയിലില്‍ പുറത്ത് നില്‍ക്കേണ്ടി വന്നു. റോഡരികില്‍ മൃതദേഹങ്ങള്‍ കണ്ടതായും നിരവധി ആംബുലന്‍സുകള്‍ കണ്ടതായും തീര്‍ത്ഥാടകര്‍ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com