
പകുതി വില തട്ടിപ്പ് കേസിൽ അനന്തു കൃഷ്ണനെ റിമാൻഡ് ചെയ്തു. കേസിൽ അനന്തുവിന്റെ കൂട്ടുപ്രതികളിൽ പലർക്കും ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്ന് സംശയിക്കുന്നു എന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ട്. രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന പേരിൽ വന്ന മൊഴിയുടെ വിശദാംശങ്ങൾ അനന്തു തള്ളി. ഇപ്പോൾ പുറത്തുവരുന്ന പല പേരുകളും തെറ്റാണെന്നും അനന്തു പറഞ്ഞു. ആരോപണങ്ങൾ നേതാക്കളും നിഷേധിച്ചു. ഇതിനിടെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കി. തെരഞ്ഞെടുപ്പ് ഫണ്ടിനായി കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രമുഖ നേതാക്കൾ പണം കൈപ്പറ്റിയെന്ന അനന്തു കൃഷ്ണന്റെ മൊഴിയുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്. ക്ലൗഡ് സ്റ്റോറേജിലായിരുന്നു നേതാക്കൾക്ക് പണം നൽകിയതിന്റെ വിവരങ്ങൾ അനന്തു സൂക്ഷിച്ചിരുന്നത്. പണം നൽകിയതിന്റെ കോൾ റെക്കോർഡിംഗുകളും, വാട്സ് ആപ്പ് ചാറ്റുകളും ക്ലൗഡ് സ്റ്റോറേജിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. എന്നാൽ ഇത് അനന്തു തള്ളുകയാണ് ചെയ്തത്.
അനന്തുവിന്റെ മൊഴിയെന്ന പേരിൽ പുറത്തുന്ന വിവരങ്ങൾ നേതാക്കളും തള്ളി. താൻ പണം കൈപ്പറ്റിയെന്ന് പ്രതി മൊഴി നൽകിയതായി വിവരമില്ല. പണം കൈപ്പറ്റിയെന്നതിന് സാങ്കേതിക തെളിവ് ഹാജരാക്കിയാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. പുറത്തുവന്ന വിവരങ്ങൾ ഇടുക്കി സിപിഐഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസും തള്ളി. തങ്കമണി സർവീസ് സഹകരണ ബാങ്കിൽ തനിക്കോ പാർട്ടിക്കോ അക്കൗണ്ടില്ലെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും സി.വി. വർഗീസ് പറഞ്ഞു.
അനന്തുവിന്റെ പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്ന് ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി. കസ്റ്റഡി കാലാവധി അവസാനിച്ച അനന്തുവിനെ കോടതി റിമാൻഡ് ചെയ്തു. അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. കൂട്ടുപ്രതികളിൽ പലർക്കും ഉന്നത രാഷ്ട്രീയ ബന്ധമുള്ളതായി സംശയിക്കുന്നു എന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ട്. ബന്ധുക്കളുടെ പേരിൽ സ്വത്തുക്കൾ കൈമാറിയെന്നും ബെനാമി പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നും പൊലീസ് റിപ്പോർട്ടിൽ പറഞ്ഞു. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി.. 34 കേസുകളാണ് നിലവിൽ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് ADGP ആണ് അന്വേഷണത്തിന് നേതൃത്വം നൽകുക. എഡിജിപി മനോജ് എബ്രഹാമിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്വേഷണത്തിനായി എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങൾ രൂപീകരിക്കും.