മുഖ്യപ്രതിയുമായി ചേർന്ന് സാമ്പത്തികമായി വഞ്ചിച്ചു; പകുതിവില തട്ടിപ്പിൽ പൊതുപ്രവർത്തകൻ അറസ്റ്റിൽ

ന്യൂസ് ഓഫ് ഇന്ത്യ സെക്രട്ടറി എന്ന പേരിൽ ഇയാൾ 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി
മുഖ്യപ്രതിയുമായി ചേർന്ന് സാമ്പത്തികമായി വഞ്ചിച്ചു; പകുതിവില തട്ടിപ്പിൽ പൊതുപ്രവർത്തകൻ അറസ്റ്റിൽ
Published on

പകുതി വില സ്കൂട്ടർ തട്ടിപ്പ് കേസിൽ തൃശൂർ സ്വദേശിയായ പൊതുപ്രവർത്തകൻ അറസ്റ്റിൽ. പാവറട്ടി തിരുനെല്ലൂർ സ്വദേശി രവി പനക്കലിനെയാണ് ഗുരുവായൂർ ടെംബിൾ പൊലീസ് അറസ്റ്റ് ചെയ്തത്. ന്യൂസ് ഓഫ് ഇന്ത്യ സെക്രട്ടറി എന്ന പേരിൽ ഇയാൾ 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി.

ഗുരുവായൂർ ഇരിങ്ങപ്പുറം സ്വദേശിനി എം. രാജിയുടെ പരാതിയിലാണ് രവി പനയക്കലിന് എതിരായ പൊലീസ് നടപടി. പകുതി വില തട്ടിപ്പിലെ മുഖ്യ പ്രതി അനന്ദു കൃഷ്ണനുമായി സഹകരിച്ച് പകുതി വിലക്ക് സ്കൂട്ടർ നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി സാമ്പത്തികമായി വഞ്ചിച്ചുവെന്നാണ് യുവതിയുടെ ആരോപണം. തട്ടിപ്പ് തിരിച്ചറിഞ്ഞ് പണം തിരികെ ചോദിച്ചപ്പോൾ രവി പനയ്ക്കൽ ഒഴിഞ്ഞ് മാറി. ഇതേ തുടർന്നാണ് ഗുരുവായൂർ ടെംബിൾ പൊലീസിലെത്തി രാജി പരാതി നൽകിയത്.

പകുതി വിലക്ക് വാഹനം നൽകാമെന്ന് പറഞ്ഞ് 66,000 രൂപയാണ് പ്രതി രാജിയുടെ കയ്യിൽ നിന്ന് തട്ടിയെടുത്തത്. ന്യൂസ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിൽ പകുതി വിലക്ക് സ്കൂട്ടറും ലാപ്ടോപ്പും നൽകാമെന്ന് പറഞ്ഞ് ഇയാൾ പലരിൽ നിന്നായി പണം തട്ടിയെടുത്തതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. വിവിധ സംഘടനകളുടെ നേതാവും പരിസ്ഥിതി പ്രവർത്തകനുമാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ 20 ലക്ഷം രൂപയോളമാണ് പലരിൽ നിന്നായി വാങ്ങി തട്ടിപ്പ് നടത്തിയത്. കേസിലെ മുഖ്യപ്രതി അനന്ദു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറിയതായാണ് രവി പനയ്ക്കൽ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി ഗുരുവായൂർ പൊലീസ് അറിയിച്ചു.

പകുതി വില തട്ടിപ്പിൽ ജനസേവാ ഭാരതി ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പകുതി വിലയ്ക്ക് ഇരുചക്ര വാഹനം വാഗ്ദാനം ചെയ്തത് തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് പറവൂർ ജനസേവാ സമിതി ട്രസ്റ്റ് (ജെ.എസ്.എസ്) ഭാരാവാഹികൾക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തത്. ജെ.എസ്.എസ് ട്രസ്റ്റ് ചെയർമാൻ ഡോ. എൻ മധു, സെക്രട്ടറി മേരി സിജി എന്നിവർക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു.

തൃക്കാക്കര കങ്ങരപ്പടി സ്വദേശിനി ഇ.കെ. ദീപ നൽകിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിനാണ് ജെ.എസ്.എസ് ട്രസ്റ്റ് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് വാഗ്ദാനം ചെയ്തത്. എസ്ബിഐ നോർത്ത് പറവൂർ ശാഖയിൽ ഹാൻഡിലിംഗ് ചാർജായി 2,000 രൂപ ഉൾപ്പടെ 58000 രൂപ വാങ്ങിയ ശേഷം കബളിപ്പിച്ചതായാണ് പരാതി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com