
പകുതി വില തട്ടിപ്പ് കേസിൽ 200 കേസുകൾ കൂടി ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും. ലോക്കൽ പൊലീസ് പ്രതിദിനം 10 കേസുകൾ വീതമാണ് രജിസ്റ്റർ ചെയ്യുന്നത്. പുതുതായി കൈമാറിയ കേസിൽ പൊലീസ് പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെടും. പ്രതിയെ നിലവിൽ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കസ്റ്റഡി കാലാവധിക്ക് ശേഷം പ്രതിയെ ക്രൈം ബ്രാഞ്ച് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിക്കായി പുതിയ കസ്റ്റഡി അപേക്ഷ കോടതിയിൽ നൽകി. അന്വേഷണവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ക്രൈംബ്രാഞ്ചിന് നിർദേശം ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചാണ് എസ്‌പി നിർദേശം നൽകിയത്. വിവരങ്ങൾ മാധ്യമപ്രവർത്തകർക്ക് ലഭിക്കരുതെന്നാണ് നിർദേശം.
കേസിൽ ക്രൈം ബ്രാഞ്ച് ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ടെന്നായിരുന്നു മുഖ്യപ്രതി അനന്തു കൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം പ്രതിയുൾപ്പെടെ കേസുമായി ബന്ധപ്പെട്ട മൂന്നുപേരുടെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചിരുന്നു. അനന്തു കൃഷ്ണൻ്റെ അക്കൗണ്ടിലെ 2.35 കോടി രൂപയും, ജനസേവ സമിതിയുടെ അക്കൗണ്ടിലെ 1.69 കോടി രൂപയും, ലാലി വിൻസൻ്റിൻ്റെ അക്കൗണ്ടിലെ 1 ലക്ഷത്തോളം രൂപയുമാണ് മരവിപ്പിച്ചത്.ഇത് കൂടാതെ നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഇഡി പിടിച്ചെടുത്തിരുന്നു.
റെയ്‌ഡിൽ പണമിടപാട് സമ്പന്ധിച്ച രേഖകൾ പിടിച്ചെടുത്തുവെന്നും മൊബൈൽ ഫോൺ അടക്കമുള്ള വസ്തുക്കളും കണ്ടുകെട്ടിയെന്നും ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു. സംസ്ഥാന വ്യാപകമായി 12ഓളം സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു. സീഡ് സൊസൈറ്റിയുടെ നിയമോപദേശകയും കോൺഗ്രസ് നേതാവുമായ അഡ്വക്കേറ്റ് ലാലി വിൻസെൻ്റിൻ്റെ കൊച്ചിയിലെ വീട്ടിലും സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന്‍റെ തിരുവനന്തപുരത്തെ വസതിയിലും തോന്നയ്ക്കലിലെ സായിഗ്രാമത്തിൻ്റെ ഓഫീസിലും അനന്തു കൃഷ്ണന്റെ തൊടുപുഴ കൊളപ്രയിലെ ഓഫീസിലുമായിരുന്നു പരിശോധന നടത്തിയത്.
പകുതി വില തട്ടിപ്പ് കേസിൽ കേരളത്തിലങ്ങോളമിങ്ങോളം നിരവധി പരാതികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുടുംബശ്രീ വഴിയും പകുതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രചരണം നടത്തിയിരുന്നു എന്നതിനടക്കമുള്ള തെളിവുകൾ ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു. എൻജിഒ കോൺഫെഡറേഷൻ്റെ പകുതി നിരക്കിലുള്ള സ്കൂട്ടറും ലാപ്ടോപ്പും ലഭിക്കുന്നത് ഉപയോഗപ്പെടുത്താൻ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാർക്ക് ഔദ്യോഗികമായ കത്താണ് ജില്ല കോ-ഓഡിനേറ്റർ നൽകിയത്. നിലമ്പൂർ ആസ്ഥാനമായുള്ള ജെഎസ്എസ് എന്ന സമിതി വഴി പണം നൽകിയാൽ മതി എന്നും കത്തിലുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള കുടുംബശ്രീ കോടികൾ തട്ടിയ എൻജിഒ കോൺഫെഡറേഷൻ്റെ പകുതി വില ആനുകൂല്യത്തിൻ്റെ പ്രചാരകരായതിലും ദുരൂഹത തുടരുകയാണ്.