
പാതിവില തട്ടിപ്പു കേസിലെ പ്രതി സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാർ അറസ്റ്റിൽ. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം കോടതി തള്ളിയതിന് തൊട്ട് പിന്നാലെ പ്രതിയെ കോടതി കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആനന്ദ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുന്നതിൽ തടസമില്ലെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നായിരുന്നു നടപടി. എറണാകുളം ജില്ലയിലെ കേസിലാണ് അറസ്റ്റ്.
ശാസ്തമംഗലത്തെ വീട്ടിൽ നിന്നാണ് ആനന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആനന്ദകുമാറിനെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ആനന്ദകുമാർ ദേശീയ ചെയർമാൻ ആയ എൻജിഒ കോൺഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണ് തട്ടിപ്പു നടന്നിരിക്കുന്നതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
പാതിവില തട്ടിപ്പിൽ കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ ആനന്ദ കുമാറിനെ പ്രതി ചേർത്തിരുന്നു. കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറി എ. മോഹനൻ നൽകിയ പരാതിയിലാണ് ആനന്ദകുമാർ അടക്കം ഏഴുപേരെ പ്രതികളാക്കി പൊലീസ് കേസെടുത്തത്. വിശ്വാസവഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. വ്യക്തിപരമായ ആവശ്യങ്ങൾക്കല്ല പണം വാങ്ങിയതെന്നും, സായി ട്രസ്റ്റിനായാണ് പണം സ്വീകരിച്ചതെന്നുമാണ് മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവേ ആനന്ദകുമാർ കോടതിയെ അറിയിച്ചത്. എന്നാൽ തട്ടിപ്പിൽ ആനന്ദകുമാറിന് നേരിട്ട് പങ്കുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. കേസിലെ രണ്ടാം പ്രതിയാണ് ആനന്ദകുമാർ. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ആനന്ദകുമാറിൻ്റെ വീട്ടിലും , സായി ട്രസ്റ്റിൻ്റെ ഓഫീസിലും ഉൾപെടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.