
ആഘോഷങ്ങൾ എല്ലാ നാടുകളിലും കാണും. പല രൂപത്തിൽ ഭാവത്തിൽ , നൃത്തങ്ങളും, ഗാനങ്ങളും, മറ്റ് കലാ സാംസ്കാരിക പരിപാടികളുമൊക്കെയായി സന്തോഷവും ആവേശവും നിറയ്ക്കുന്ന ഉത്സവങ്ങളും, ആഘോഷങ്ങളും, ആചാരങ്ങളുമെല്ലാം എല്ലാ രാജ്യങ്ങളിലും കാണും. ചിലയിടത്തൊക്കെ പേടിപ്പെടുത്തുന്ന ആചാരങ്ങളും, അതി സാഹസിക പ്രകടനങ്ങളും നിറഞ്ഞതായിരിക്കും. എന്നാൽ ഒരേ സമയം പേടിപ്പെടുത്തുന്നതും എന്നാൽ രസിപ്പിക്കുന്നതുമായി ഒരാഘോഷമുണ്ട്. അതാണ് ഹാലോവീൻ. ഇന്ത്യയിൽ അത്ര പരിചയമില്ലാത്ത ഹാലോവീൻ അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങളിലാണ് ആഘോഷിക്കാറുള്ളത്.
വിശുദ്ധൻ എന്നർഥമുള്ള ഹാലോ (Hallow) വൈകുന്നേരം എന്ന അർഥം ഉള്ള ഈവിനിങ് എന്നീ പദങ്ങളിൽ നിന്നാണ് ഹാലോവീൻ (Halloween) എന്ന പേരു വരുന്നത്. പേടിപ്പെടുത്തുന്ന രൂപങ്ങളും വേഷവിധാനങ്ങളും ധരിച്ചാണ് ഹാലോവീന്‍ ആഘോഷിക്കുക. വേഷവിധാനങ്ങളെന്നു പറയുമ്പോൾ അതിൽ മത്തങ്ങ ഉപയോഗിച്ചുള്ള തല, കാക്ക, എട്ടുകാലി,പ്രേതങ്ങൾ, തുടങ്ങിയ രൂപങ്ങൾ ഒക്കെ വരും. കുട്ടികളും വലിയവരും ഒരുപോലെ ഇതിനായി ഇറങ്ങും. ഓരോ വീടുകളിലും കയറിയിറങ്ങി കുട്ടികൾ “ട്രിക്ക് ഓർ ട്രീറ്റ്” (വികൃതി അല്ലെങ്കിൽ സമ്മാനം) എന്ന് ചോദിക്കുന്നു. ട്രിക്ക് പറഞ്ഞാൽ വികൃതിയും ട്രീറ്റ് പറഞ്ഞാൽ സമ്മാനവും കിട്ടും.
എന്താണ് ഹാലോവീൻ്റെ പിറകിലെ ചരിത്രം എന്ന് ചോദിച്ചാൽ 2000 വർഷം പിറകോട്ട് പോകേണ്ടിവരും. ഇഗ്ലണ്ട് സ്‌കോട്ട്‌ലൻഡ്, അയർലൻഡ്, വടക്കൻ ഫ്രാൻസ് എന്നിവിടങ്ങളിൽ ജീവിച്ചിരുന്ന തികച്ചും അപരിഷ്‌കൃതരായ ജീവിച്ച സെല്‍ട്സ് എന്ന സമൂഹവുമായി ബന്ധപ്പെട്ട് കിടക്കുന്നു ഹലോവീൻ്റെ ഉത്ഭവം.
Also Read; രണ്ടു ദശാബ്ദത്തിനിടെ ജനിച്ചത് ഒരേയൊരു കുഞ്ഞ്; മനുഷ്യരേക്കാൾ കൂടുതൽ പാവകൾ താമസക്കാരായ അപൂർവ ഗ്രാമം
‘ഡ്രൂയിഡ്സ്’ എന്നറിയപ്പെടുന്ന പ്രാചീന പുരോഹിതവർഗമായിരുന്നു അന്ന് ആ പ്രദേശത്തെ അധികാരികൾ.അവർ പുതുവര്‍ഷം ആഘോഷിച്ചിരുന്നതാകട്ടെ നവംബര്‍ ഒന്നിനും. വേനല്‍ക്കാലം കഴിഞ്ഞ് ശീതകാലത്തിന്റെ തുടക്കം, ഡാർക്ക് വിൻ്റർ എന്നറിയപ്പെട്ടിരുന്ന നവംബർ മാസം.മനുഷ്യ മരണങ്ങളുമായി ഈ മാസത്തിന് ബന്ധമുണ്ടായിരുന്നെന്നാണ് അന്നത്തെ ഒരു കഥ.
സെൽട്സ് സമൂഹത്തിൻ്റെ പുതുവർഷ ഉത്സവത്തിന്റെ പേരാണ് സാംഹൈന്‍ . പുതുവത്സരത്തിനു തലേദിവസം മരിച്ചവരുടെ ആത്മാക്കളെ തങ്ങളുടെ ഭവനങ്ങളിലേക്കു പോകാൻ മരണത്തിന്റെ ദേവനായ ‘സാഹയിൻ’ അനുവദിക്കുമെന്ന വിശ്വാസമാണ് ആ പേരിനു പിറകിൽ. പാപം ചെയ്ത് മരിച്ചവരുടെ മോചനത്തിനുവേണ്ടി മൃഗബലിയും നരബലിയും അർപ്പിച്ചിരുന്ന ആളുകളായിരുന്നു അവർ, പിശാചുക്കൾ വീടിനുള്ളിലേക്ക് കടക്കാതിരിക്കാൻ വീടിനു പുറത്ത് ഭക്ഷണം കരുതിവെക്കുകയും ചെയ്തിരുന്നു.
പിശാചുക്കളുടേയും പ്രേതങ്ങളുടേയും ദുരാത്മാക്കളുടേയും ഭീകരരൂപത്തിലുള്ള വേഷങ്ങൾ ധരിച്ചാൽ തങ്ങളെ ഉപദ്രവിക്കാതെ അവർ കടന്നുപോകുമെന്നായിരുന്നു അവരുടെ വിശ്വാസം. അതിനുവേണ്ടിയാണ് പുതുവത്സരത്തിനു മുൻപുള്ള രാത്രിയിൽ അതായത് ഒക്ടോബർ 31 ന് ആളുകളെല്ലാം ഇത്തരം വേഷങ്ങൾ ധരിച്ചിരുന്നത്.
എട്ടാം നൂറ്റാണ്ടിൽ ഗ്രിഗറി മൂന്നാമൻ മാർപ്പാപ്പ നവംബർ ഒന്ന് എല്ലാ വിശുദ്ധന്മാരെയും ആരാധിക്കാനുള്ള ദിവസമായി നിശ്ചയിച്ചു. ഓൾ സെയിന്റ്സ് ഡേ എന്നാണിത് അറിയപ്പെടുന്നത്. ഈ തിരുനാളിന്റെ തലേദിവസം ഓൾ ഹാലോസ് ഈവ് എന്നാണ് അറിയപ്പെടുന്നത്. പിന്നീട്, ഇത് ഹലോവീനായി മാറിയെന്ന് പറയപ്പെടുന്നു
കഠിനമായ മത വിശ്വാസങ്ങള്‍ കാരണം ഇംഗ്ലണ്ടിലെ ഹാലോവീന്‍ എന്ന ആശയത്തിന് പല എതിര്‍പ്പുകള്‍ ഉണ്ടായി. എന്നാല്‍, പിന്നീട് പല വര്‍ഗ്ഗങ്ങളും സമൂഹങ്ങളും ലയിച്ചതോടെ ഹാലോവീനിന്റെ ഒരു അമേരിക്കന്‍ പതിപ്പ് എത്തി. പ്രേത കഥകള്‍, കൊയ്ത്ത് ഉത്സവം മറ്റു പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു.
1845-1849 കാലത്തെ അയര്‍ലണ്ടിലെ പട്ടിണിയില്‍ നിന്നും കുറെ പേര്‍ രക്ഷപെട്ട് അമേരിക്കയിലേക്ക് എത്തി. അമേരിക്കയിലേക്ക് കുടിയേറിയപ്പോൾ ഈ ഹാലോവീൻ ആഘോഷങ്ങളും വേഷങ്ങളും ‘ജാക്കിന്റെ റാന്ത’ലും ‘ട്രിക്ക് ആൻഡ് ട്രീറ്റു’മൊക്കെ. അമേരിക്കയിൽ പുനർ അവതരിപ്പിക്കപ്പെട്ടു.മനുഷ്യർ മാത്രമല്ല, വളർത്തുമൃഗങ്ങളെപ്പോലും പ്രത്യേക കോസ്റ്റ്യൂമുകൾ അണിയിച്ചാവും ഹാലോവീൻ രാവുകളിൽ പുറത്തിറക്കുക.
ജാക്കിന്റെ റാന്തലുകൾ തൂക്കിയിടുന്നതും മത്തങ്ങ പോലുള്ള വിളകളെക്കൊണ്ട് ഭീകരരൂപങ്ങൾ ഉണ്ടാക്കി ജനലുകൾക്കും കതകുകൾക്കും മുന്നിൽ തൂക്കിയിടുന്നതും പഴയൊരു ഐറിഷ് ഐത്യഹിത്യത്തിന്റെ ബാക്കിപത്രമാണ്. ഹാലോവീൻ അഘോഷത്തിൽ കർഷകരുടെ സ്വാധീനം കാണിക്കുന്ന ഒരടയാളമാണ് മത്തങ്ങകൾ.ഈ മത്തങ്ങ കൊത്തുപണികളിലൂടെ നിരവധി അപകടങ്ങൾ വന്നതായും റിപ്പോർട്ടുകളുണ്ട്.
ജാക്ക് എന്ന പിശുക്കനായ മനുഷ്യൻ പിശാചിനെ പറ്റിക്കുകയും പിശാചുമായുണ്ടാക്കിയ കരാർ പ്രകാരം, മരണശേഷം നരകത്തിലേക്ക് പോകാതെ ഒരു തീക്കനലിന്റെ ജ്വാലയുമായി ഭൂമിയിൽ ചുറ്റി സഞ്ചരിക്കാൻ അയാൾക്ക് അനുവാദം ലഭിക്കുകയും ചെയ്തുവത്രേ. ഈ ജാക്ക് വന്ന് ശല്യം ചെയ്യാതിരിക്കാനാണത്രേ വീടുകൾക്കുമുന്നിൽ ഇത്തരം ഭീകരരൂപങ്ങൾവെച്ച് അലങ്കരിക്കുന്നത്.
കാര്യം പേടിപ്പിക്കുന്ന രൂപങ്ങളാണെങ്കിലും ഹോലോവീൻ രാവുകൾ പാശ്ചാത്യനാടുകളിൽ ആഘോഷത്തിൻ്റെ, ആവേശത്തിൻ്റെ രാവാണ്. 2017 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ വണ്ടറിൽ പ്രധാന കഥാാപയ ഓഗി എന്ന കൊച്ചു മിടുക്കൻ ഹാലോവീനിനെ പ്പറ്റി പറയുന്ന ഡയലോഗ് ഏറെ പ്രശ്സ്തമാണ്. "എല്ലാ ദിവസവും ഹാലോവീൻ ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമുക്കെല്ലാവർക്കും എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കാമായിരുന്നു. എന്നിട്ട് നമുക്ക് ചുറ്റും നടന്ന് പരസ്പരം പരിചയപ്പെടാം, മുഖംമൂടികൾക്കടിയിൽ ഞങ്ങൾ എങ്ങനെയുണ്ടെന്ന് കാണുന്നതിന് മുമ്പ്.". അതെ പരസ്പരം മുഖം കാണാത്തവരും, കണ്ടാൽ മുഖം തിരിക്കുന്നവരും, മുഖം കാണിക്കാനാഗ്രഹിക്കാത്തവരും ഹാലോവീൻ രാവുകളിൽ പരസ്പരം കാണുന്നു.. മുഖം മുടികൾക്ക് പിറകിൽ നിന്ന് കൈപിടിക്കുന്നു. ആഘോഷങ്ങളിൽ പങ്കു ചേരുന്നു.
ഇന്റർനെറ്റിൽ ട്രെന്റിങ്ങാണ് ഹാലോവീൻ. എല്ലാ വർഷവും ഈ സമയത്ത് പലതരം കോലങ്ങളിൽ പാശ്ചാത്യ രാജ്യങ്ങളിലുള്ള സുഹൃത്തുക്കളും സെലിബ്രിറ്റികളും വിചിത്ര രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് കാണാറുണ്ടെങ്കിലും മലയാളികളിൽ പലർക്കും ഹാലോവീനെ കുറിച്ച് അത്ര വലിയ ധാരണയില്ലായിരുന്നു. പക്ഷെ ഇപ്പോഴായി ഇന്ത്യയിലെ പല നഗരങ്ങളിലും യുവാക്കളും കുട്ടികളുമെല്ലാം ഹാവലോവീൻ വൈബിനെ ആസ്വദിച്ചുവരുന്നതായി കാണാം. പോകെ പോകെ ഇന്ത്യയിലും ഹോലാവീൻ രാവുകളെത്തുമായിരിക്കും. പേടിപ്പെടുത്തുന്ന മത്തങ്ങ രൂപങ്ങളും, മുഖം മൂടികളും, ട്രിക്ക് ഓർ ട്രീറ്റുമായി കുട്ടികളും ചേർന്ന് തെരുവുകളെ പേടിപ്പിച്ചും രസിപ്പിച്ചും ഉത്സവങ്ങളാക്കി മാറ്റിയേക്കാം.