
ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയത് മനുഷ്യരാശിക്കെതിരായ യുദ്ധക്കുറ്റങ്ങളെന്ന കണ്ടെത്തലുമായി ഹ്യൂമൻ റൈറ്റ്‌സ് വാച്ച്. ഹമാസും മറ്റ് നാല് പലസ്തീനിയൻ സായുധ സംഘങ്ങളും ചേർന്നാണ് ആക്രമണങ്ങൾ നടത്തിയത്. ഗാസ അതിർത്തി വേലി ലംഘിച്ച അക്രമികൾ സാധാരണക്കാർക്ക് നേരെ ബോധപൂർവമായ ആക്രമണങ്ങൾ നടത്തി. കൂടാതെ കസ്റ്റഡിയിലുള്ളവരെ മനഃപൂർവം കൊലപ്പെടുത്തൽ, ലൈംഗികപരമായ അതിക്രമങ്ങൾ, ബന്ദികളാക്കൽ, കൊള്ളയടിക്കൽ ഉൾപ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങളും ഹമാസ് നടത്തിയിട്ടുണ്ടെന്നും ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഒൻപത് മാസം മുൻപ് ഇസ്രായേലിലെ പട്ടണങ്ങളിലും സൈനിക താവളങ്ങളിലും നടത്തിയ ആക്രമണങ്ങളിൽ സാധാരണക്കാരും വിദേശികളും ഉൾപ്പടെ ഏകദേശം 1,200 ആളുകൾ കൊല്ലപ്പെട്ടെന്നും, 251 പേരെ ബന്ദികളാക്കിയെന്നും എച്ച്ആർഡബ്ല്യൂ വ്യക്തമാക്കുന്നു. എന്നാൽ സംഘർഷത്തിൽ ഇസ്രായേൽ സേനയും പലസ്തീൻ ഗ്രൂപ്പുകളും നടത്തിയ യുദ്ധനിയമങ്ങളുടെ ലംഘനങ്ങളെപ്പറ്റി എച്ച്ആർഡബ്ല്യൂവിൻ്റെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.
ഹമാസിൻ്റെ സായുധ വിഭാഗമായ ഇസ്സെദീൻ അൽ-ഖസ്സാം ബ്രിഗേഡാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ഇവയ്ക്ക് പുറമെയാണ് മറ്റ് നാല് പലസ്തീൻ സായുധ സംഘങ്ങളും അക്രമത്തിൽ പങ്കാളികളായതെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പറയുന്നു. അതേസമയം ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോർട്ട് നുണയാണെന്ന് വിശേഷിപ്പിച്ച ഹമാസ്, എച്ച്ആർഡബ്ല്യൂ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.