ആദ്യം ഗാസയ്‌ക്കെതിരായ യുദ്ധം നിർത്തൂ, അതുവരെ ബന്ദികളെ വിട്ടയക്കില്ല: ഹമാസ്

ആദ്യം ഗാസയ്‌ക്കെതിരായ യുദ്ധം നിർത്തൂ, അതുവരെ ബന്ദികളെ വിട്ടയക്കില്ല: ഹമാസ്

ഗാസയിലെ ഹമാസ് ഡെപ്യൂട്ടി ചീഫ് ഖലീൽ അൽ ഹയ്യയാണ് ഹമാസിൻ്റെ നിലപാട് വ്യക്തമാക്കിയതെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു
Published on


ഇസ്രയേൽ ഗാസയ്‌ക്കെതിരായ യുദ്ധം അവസാനിപ്പിക്കുകയും പ്രദേശത്ത് നിന്ന് പിൻവാങ്ങുകയും ജയിലിലടച്ച പലസ്തീനികളെ മോചിപ്പിക്കുകയും ചെയ്യുന്നത് വരെ ബന്ദികളെ വിട്ടയക്കില്ലെന്ന് ഹമാസ്. ഗാസയിലെ ഹമാസ് ഡെപ്യൂട്ടി ചീഫ് ഖലീൽ അൽ ഹയ്യയാണ് ഹമാസിൻ്റെ നിലപാട് വ്യക്തമാക്കിയതെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

"ഗാസയിലെ ജനങ്ങൾക്കെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ, അതിൽ നിന്ന് പൂർണമായും പിൻവാങ്ങുകയും ഞങ്ങളുടെ ധീരരായ തടവുകാരെ അധിനിവേശ ജയിലുകളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നത് വരെ ബന്ദികൾ മടങ്ങിവരില്ല," ഖലീൽ അൽ-ഹയ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രയേൽ സൈന്യത്തിൻ്റെ ആക്രമണത്തിൽ യഹ്യ സിൻവാർ കൊല്ലപ്പെട്ടെന്ന് ഖലീൽ അൽ ഹയ്യ വീഡിയോ സന്ദേശത്തിലൂടെ സ്ഥിരീകരിച്ചിരുന്നു. ഈ വീഡിയോയിലാണ് ഗാസയിലെ യുദ്ധം നിർത്താൻ ഹമാസിന് മുന്നിൽ ഉപാധികൾ വെച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഖലീൽ മറുപടി നൽകിയത്.

ഹമാസിൻ്റെ പ്രമുഖ നേതാവ് യഹ്യ സിൻവാറിനെ വധിച്ചതിന് പിന്നാലെയാണ് നെതന്യാഹു ഹമാസിന് മുന്നിൽ ഉപാധികൾ വെച്ചത്. ഹമാസ് ഉടനെ ആയുധങ്ങൾ വെച്ച് കീഴടങ്ങാനും, ബന്ദികളാക്കി വെച്ച 101 പേരെ തിരിച്ചയക്കാനും തയ്യാറായാൽ ഈ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് നെതന്യാഹു പറഞ്ഞു. എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെ ആണ് ഹമാസിന് മുമ്പാകെ ഇസ്രയേൽ കടുത്ത നിബന്ധനകൾ മുന്നോട്ടുവെച്ചത്.

News Malayalam 24x7
newsmalayalam.com