നാല് ഇസ്രയേലി വനിതകളെ കൂടി മോചിപ്പിച്ച് ഹമാസ്

സൈനിക വേഷത്തിലുള്ള യുവതികളെ മോചിപ്പിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. റെഡ് ക്രോസ് ബന്ദികളെ ഉടൻ ഇസ്രയേലിന് കൈമാറും.
നാല് ഇസ്രയേലി വനിതകളെ കൂടി മോചിപ്പിച്ച് ഹമാസ്
Published on


ഗാസയിലെ വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി നാല് ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. സൈനികരായ യുവതികളെയാണ് ഹമാസ് റെഡ് ക്രോസ് വഴി ഇസ്രയേലിന് കൈമാറിയത്. ജയിലിൽ കഴിയുന്ന 70 പലസ്റ്റീനി തടവുകാരെ കൈമാറുന്നതിന് പകരമായാണ് ബന്ദിമോചനം. വനിതാ സൈനികരുടെ വിവരങ്ങൾ വെള്ളിയാഴ്ച ഹമാസ് ഇസ്രയേലിന് കൈമാറി.



ഇന്ത്യൻ സമയം 2.40 ഓടെയാണ് ഹമാസ്, നാല് ഇസ്രയേൽ ബന്ദികളെക്കൂടി റെഡ് ക്രോസിന് കൈമാറിയത്. തുടർന്നുള്ള മണിക്കൂറുകളിൽ തന്നെ റെഡ്ക്രോസ് നാല് യുവതികളെയും ഇസ്രയേൽ പ്രതിരോധ സേനക്ക് കൈമാറി. ഗാസ സിറ്റിയിൽ മണിക്കൂറുകൾ നീണ്ടു നിന്ന പ്രക്രിയക്കൊടുവിലായിരുന്നു കൈമാറ്റം. ഹമാസിന്‍റെയും സഖ്യകക്ഷികളായ സംഘടനകളിലെയും സൈനികരും നാട്ടുകാരും നിറഞ്ഞു നിന്ന സ്ഥലത്തായിരുന്നു കൈമാറ്റം. മുഖംമൂടിയണിഞ്ഞ ആയുധധാരികൾ നിലയുറപ്പിച്ചയിടത്തേക്ക് നാല് കാറുകളിലായാണ് ബന്ദികളെ എത്തിച്ചത്. ഇവരെ കാത്ത് റെഡ് ക്രോസിന്‍റെ നാല് കാറുകൾ ഇവിടെ നേരത്തെ നിലയുറപ്പിച്ചിരുന്നു. അതിനാടകീയമായ രീതിയിലായിരുന്നു കൈമാറ്റം.

19കാരിയായ ലിറി അൽബാഗ്, 20 വയസുകാരായ ഡാനിയേല ഗിൽബോവ, കരീന അരിയേവ്, നാമ ലെവി എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്. ഹമാസ് ബന്ദിയാക്കിയ ഏഴ് വനിത സൈനികരിലെ നാല് പേരാണിവർ. മോചിപ്പിക്കപ്പട്ടവരെ റെഡ്ക്രോസിൽ നിന്ന് പിന്നീട് ഐഡിഎഫ് ഏറ്റുവാങ്ങി. ഇവരെ കാത്ത് ടെൽ അവീവിലെ ബന്ദി ചത്വരത്തിൽ ഇവരുടെ ബന്ധുമിത്രാദികൾ കാത്തു നിന്നിരുന്നു. നിറകണ്ണുകളോടെയാണ് ഇവരെ അവർ എതിരേറ്റത്.


ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിൽ നഹാൽ ഓസ് സൈനിക താവളത്തിൽ നിന്നാണ് ഇവരെ ഹമാസ് ബന്ദിയാക്കിയത്. ഏഴ് വനിത സൈനികരിൽ ഒരാളെ ഐഡിഎഫ് ജീവനോടെ രക്ഷപ്പെടുത്തി. മറ്റൊരു വനിത സൈനികയുടെ മൃതദേഹം ഐഡിഎഫ് കണ്ടെടുത്തിരുന്നു. 21കാരിയായ അഗം ബെർഗർ എന്ന സൈനിക ഇപ്പോഴും ഹമാസിൻ്റെ പക്കലാണുള്ളത്. ഇസ്രയേലിനുമേൽ സമ്മർദം ചെലുത്തുന്നതിൻ്റെ ഭാഗമായി 19കാരിയായ ലിരി അൽബാഗിൻ്റെ വീഡിയോ കഴിഞ്ഞ മാസം ഹമാസ് പുറത്തുവിട്ടിരുന്നു.


ജനുവരി 15നാണ് ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിൻ്റെ ഭാഗമായുള്ള കരാർ പ്രഖ്യാപിക്കപ്പെട്ടത്. തുടർന്ന് ജനുവരി 19ന് കരാർ പ്രാബല്യത്തിൽ വരികയും ആദ്യഘട്ടത്തിലെ ആദ്യത്തെ ബന്ദി കൈമാറ്റവും അന്ന് നടന്നു. 24 കാരിയായ റോമി ഗോണൻ, 28 കാരിയായ എമിലി ഡമാരി, 31 വയസുള്ള ഡോറോൺ ഖെയർ എന്നിവരാണ് ആദ്യഘട്ടത്തിൽ മോചിപ്പിക്കപ്പെട്ടത്. ഇസ്രയേൽ ബന്ദികള്‍ക്ക് പകരമായി 90 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com