ഗാസയിൽ വെടിനിർത്തല്‍? 50 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കും; കരട് കരാർ ഹമാസ് അംഗീകരിച്ചെന്ന് റിപ്പോർട്ട്

കരാറിൽ ഒപ്പുവെക്കുന്നതിന് മുമ്പുള്ള ‌അവസാന ഘട്ട ചർച്ചകൾ നടക്കുന്നതായി മധ്യസ്ഥത വഹിക്കുന്ന ഖത്തർ അറിയിച്ചു
ഗാസയിൽ വെടിനിർത്തല്‍? 50 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കും; കരട് കരാർ ഹമാസ് അംഗീകരിച്ചെന്ന് റിപ്പോർട്ട്
Published on

​ഗാസയിലെ വെടിനി‍ർത്തൽ ചർച്ചകളിൽ കരട് കരാർ അംഗീകരിച്ചുവെന്ന് സൂചന. കരട് കരാർ ഹമാസ് അംഗീകരിച്ചെന്നാണ് പുറത്ത് വരുന്ന വിവരം.  ഇതു പ്രകാരം 50 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കും. കരാറിൽ ഒപ്പുവെക്കുന്നതിന് മുമ്പുള്ള ‌അവസാന ഘട്ട ചർച്ചകൾ നടക്കുന്നതായി മധ്യസ്ഥത വഹിക്കുന്ന ഖത്തർ അറിയിച്ചു.

ചർച്ചകൾ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും വിശദാംശങ്ങൾ അന്തിമമാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇസ്രയേല്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അന്തിമ അംഗീകാരത്തിനായി പദ്ധതി ഇസ്രയേൽ മന്ത്രിസഭയ്ക്ക് സമർപ്പിക്കേണ്ടതുണ്ടെന്നും ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

ഇസ്രയേല്‍ തടവിലുള്ള നൂറുകണക്കിന് പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരമായി സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, പരുക്കേറ്റ സാധാരണക്കാർ എന്നിവരുൾപ്പെടെ 33 ബന്ദികളെ ഹമാസ് ആറ് ആഴ്ച കാലയളവിൽ ക്രമേണ മോചിപ്പിക്കുമെന്നാണ് മൂന്ന് ഘട്ടങ്ങളുള്ള കരാരില്‍ പറയുന്നത്.

ഹമാസ് മോചിപ്പിക്കുന്ന 33 പേരിൽ അഞ്ച് വനിതാ ഇസ്രയേല്‍ സൈനികരും ഉൾപ്പെടും. ജീവപര്യന്തം തടവ് അനുഭവിക്കുന്ന 30 സുരക്ഷാ തടവുകാർ ഉൾപ്പെടെയുള്ള 50 പലസ്തീൻ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കുന്ന ക്രമത്തിലാകും ഇവരില്‍ ഒരോരുത്തരേയും മോചിപ്പിക്കുക.



15 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനും 2023 ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തിൽ ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാനും യുഎസ്, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങൾ കഴിഞ്ഞ ഒരു വർഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഏകദേശം 100ഓളം ഇസ്രയേൽ പൗരർ ഇപ്പോഴും ഹമാസിന്റെ തടവിലുണ്ട്. അവരിൽ മൂന്നിലൊന്ന് പേരെങ്കിലും മരിച്ചുവെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ കണക്ക്.

മറുവശത്ത് 2023 ഒക്ടോബർ 7ന് തുടങ്ങിയ ഇസ്രയേലിന്റെ ​ഗാസ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 46,000 കടന്നുവെന്നാണ് റിപ്പോർട്ടുകൾ. യുദ്ധത്തിൽ ഇതുവരെ 46,645 പലസ്തീനികൾ കൊല്ലപ്പെടുകയും 109,660 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 


Related Stories

No stories found.
News Malayalam 24x7
newsmalayalam.com