ഹമാസ് നേതാവ് യഹ്യ സിൻവാർ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോർട്ട്; ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വാർത്തകൾ പ്രചരിച്ചിരുന്നു

2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിന്റെ മുഖ്യസൂത്രധാരരിൽ ഒരാളാണ് ഹമാസ് നേതാവ് യഹ്യ സിൻവാർ
ഹമാസ് നേതാവ് യഹ്യ സിൻവാർ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോർട്ട്;
ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വാർത്തകൾ പ്രചരിച്ചിരുന്നു
Published on

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് കരുതിയ ഹമാസ് നേതാവ് യഹ്യ സിൻവാർ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോർട്ട്. ഇസ്രയേൽ മാധ്യമമായ ദ ജെറുസലേം പോസ്റ്റാണ് വിവരം പുറത്തുവിട്ടത്. ഖത്തറുമായി സിൻവാർ രഹസ്യ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.

2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിൻ്റെ  മുഖ്യസൂത്രധാരരിൽ ഒരാളാണ് ഹമാസ് നേതാവ് യഹ്യ സിൻവാർ. പിന്നീട് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിന് ശേഷം സംഘടനയുടെ രാഷ്ട്രീയ വിഭാഗത്തിൻ്റെ ചുമതലയേറ്റെടുത്ത് യഹ്യ ഹമാസിൻ്റെ തലവനായി. എന്നാല്‍ സെപ്തംബർ 21ന് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ യഹ്യ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോർട്ടുകള്‍. ദീർഘകാലമായി ഔദ്യോഗിക ചാനലുകളിലടക്കം പ്രത്യക്ഷപെടാതിരുന്നതാണ് ഈ റിപ്പോർട്ടുകള്‍ ശരിവെക്കാൻ കാരണമായത്.


ഖത്തറിൻ്റെ മുതിർന്ന നയതന്ത്രജ്ഞനെ ഉദ്ധരിച്ചാണ് ഇസ്രയേൽ മാധ്യമത്തിൻ്റെ വെളിപ്പെടുത്തല്‍. ഖത്തറുമായി നേരിട്ടല്ല സിൻവാർ ബന്ധപ്പെടുന്നതെന്നും ഹമാസിൻ്റെ മുതിർന്ന രാഷ്ട്രീയ നേതാവ് ഖലീൽ അൽ-ഹയ വഴിയാണ് ചർച്ചകളെന്നും നയതന്ത്രജ്ഞൻ വ്യക്തമാക്കി. അതേസമയം സിൻവാർ കൊല്ലപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ഇസ്രയേൽ അന്വേഷണം നടത്തിയതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ട് പുറത്തു വിട്ടത്.  ഗാസയില്‍ പലസ്തീനികള്‍ അഭയം പ്രാപിച്ചിരുന്ന സ്‌കൂളിന് നേരെ സെപ്റ്റംബറിൽ നടന്ന ഇസ്രയേല്‍ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പേരാണ് കൊല്ലപ്പെട്ടത്.


ഹമാസിന്‍റെ രാഷ്ട്രീയ വിഭാഗം നേതാവായി യഹ്യ സിന്‍വാറിനെ തെരഞ്ഞെടുത്തിരുന്നു. ജൂലൈ 31ന്, തെഹ്‌റാനില്‍ കൊല്ലപ്പെട്ട ഇസ്മയില്‍ ഹനിയക്ക് പകരക്കാരനായാണ് യഹ്യ സിൻവാർ ചുമതല ഏൽപ്പിച്ചത്. ഹമാസിന്‍റെ ഇന്‍റലിജന്‍സ് വിഭാഗം തലവനായിരുന്നു സിന്‍വാര്‍. കൊലപാതകം, അട്ടിമറി എന്നീ കുറ്റങ്ങള്‍ക്ക് 23 വര്‍ഷം തടവു ശിക്ഷ അനുഭവിച്ചിരുന്നു.

100 ശതമാനം പ്രതിബദ്ധതയും 100 ശതമാനം അക്രമാസക്തനുമായ മനുഷ്യനെന്നുമാണ് സിന്‍വാറിനെ ഇസ്രയേല്‍ വിശേഷിപ്പിച്ചത്. 2011 ല്‍ ഇസ്രയേല്‍ സൈനികന്‍ ഗിലാദ് ഷലിത്തിന്‍റെ മോചനത്തിനു പകരമായി വെറുതെ വിട്ട 1000 തടവുകാരില്‍ ഒരാളായി പുറത്തു വന്നു. ഒക്ടോബര്‍ 7നു ശേഷം ഇസ്രയേല്‍ പിടിയില്‍ പെടാതെ രക്ഷപ്പെട്ട് കഴിയുകയാണ് സിന്‍വാര്‍. രാഷ്ട്രീയ വിഭാഗം മേധാവിയായ ഹനിയയുടെ അറിവോടെയല്ല ഒക്ടോബര്‍ ആക്രമണം സിന്‍വാര്‍ ആസൂത്രണം ചെയ്തതെന്ന് ആരോപണമുണ്ട്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com