
ഗാസയിലെ ഖാൻ യൂനിസിൽ കഴിഞ്ഞ മാസം നടത്തിയ ആക്രമണത്തിൽ ഹമാസ് സൈനിക മേധാവി മുഹമ്മദ് ഡീഫ് കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഹമാസ് തലവൻ ഇസ്മയിൽ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെയാണ് ഇസ്രയേലിൻ്റെ പുതിയ സ്ഥിരീകരണം.
2024 ജൂലൈ 13ന് ഖാൻ യൂനിസ് പ്രദേശത്ത് ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ മുഹമ്മദ് ഡീഫ് കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാനാകുമെന്നാണ് സൈനിക പ്രസ്താവനയിൽ പറയുന്നത്. ഒക്‌ടോബർ 7ന് ഇസ്രയേൽ ആക്രമണത്തിന് നേതൃത്വം നൽകിയതും, ആസൂത്രണം ചെയ്തതും ഡീഫാണെന്നും സൈന്യം പറയുന്നു. വർഷങ്ങളായി ഇസ്രയേലിനെതിരെ നിരവധി ആക്രമണങ്ങൾ ഡീഫ് നടത്തിയിട്ടുണ്ടെന്ന് സൈന്യം പറഞ്ഞു. ഗാസയിലെ ഹമാസ് തലവൻ യഹ്‌യ സിൻവാറിനൊപ്പമാണ് ഡീഫ് പ്രവർത്തിച്ചതെന്ന് സൈന്യം അറിയിച്ചു.
കഴിഞ്ഞ മാസം നടന്ന ആക്രമണത്തിൽ 90ലധികം പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ വിഭാഗം അറിയിച്ചിരുന്നു. ഡീഫിനെ ഉന്നം വെച്ചായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ വ്യക്തമാക്കി. എന്നാൽ കൊല്ലപ്പെട്ടവരിൽ ഡീഫ് ഇല്ലെന്ന് ഹമാസ് ഉറപ്പിച്ച് പറഞ്ഞു. ഡീഫ് ഒളിച്ചുതാമസിച്ചതായി പറയപ്പെടുന്ന വീട്ടിൽ ഏകദേശം 900 കിലോഗ്രാം ഭാരമുള്ള ബോംബാണ് വീണത്.
ഹമാസിൻ്റെ സായുധ വിഭാഗമായ എസെദീൻ അൽ-ഖസ്സാം ബ്രിഗേഡിൻ്റെ തലവനായ ഡീഫ്, ഏകദേശം മൂന്ന് പതിറ്റാണ്ടായി ഇസ്രയേലിൻ്റെ 'മോസ്റ്റ് വാണ്ടഡ്' ക്രിമിനലുകളുടെ പട്ടികയിലും, 2015 മുതൽ അമേരിക്കൻ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയിലും ഉണ്ടായിരുന്നു.