ഇസ്രയേല്‍ വെടിനിർത്തല്‍ അംഗീകരിച്ചാല്‍ ഗാസയില്‍ പോരാട്ടം അവസാനിപ്പിക്കാമെന്ന് ഹമാസ്; മധ്യസ്ഥ ചർച്ചകള്‍ക്ക് കളമൊരുക്കി ഈജിപ്ത്

സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഈജിപ്തിൻ്റെ നീക്കത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വാഗതം ചെയ്തു
ഇസ്രയേല്‍ വെടിനിർത്തല്‍ അംഗീകരിച്ചാല്‍ ഗാസയില്‍ പോരാട്ടം അവസാനിപ്പിക്കാമെന്ന് ഹമാസ്; മധ്യസ്ഥ ചർച്ചകള്‍ക്ക് കളമൊരുക്കി ഈജിപ്ത്
Published on

ഇസ്രയേല്‍ ഗാസയില്‍ വെടിനിര്‍ത്തലിന് തയാറായാല്‍ പ്രദേശത്തെ പോരാട്ടം അവസാനിപ്പിക്കാമെന്ന് ഹമാസ്. ഹമാസ് നേതാവ് യഹ്യ സിൻവാർ കൊല്ലപ്പെട്ടതോടെയാണ് മധ്യസ്ഥ ശ്രമങ്ങൾക്ക് വീണ്ടും വഴിയൊരുങ്ങിയത്. കെയ്റോയിൽ ഈജിപ്ഷ്യൻ ഭരണകൂടവുമായി ചർച്ചകൾ ആരംഭിച്ചുവെന്ന് മുതിർന്ന ഹമാസ് പ്രവർത്തകന്‍ എഎഫ്‌പിയോട് പറഞ്ഞു.

അമേരിക്കൻ ആഭ്യന്തര സെക്രട്ടറി ആൻ്റണി ബ്ലിങ്കന്‍ സമാധാന ചർച്ചകൾക്കായി പ്രധാനപ്പെട്ട നേതാക്കളുമായി ദോഹയില്‍വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കെയ്റോയിൽ വെച്ച് ഈജിപ്ഷ്യൻ അധികൃതരുമായി നടന്ന ചർച്ചയിൽ ഹമാസ് സമവായ നിർദേശങ്ങൾ മുന്നോട്ട് വെച്ചെന്നാണ് റിപ്പോർട്ട്. ഇസ്രയേൽ വെടിനിർത്തലിന് തയ്യാറായാൽ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ് ചർച്ചയിൽ വ്യക്തമാക്കി.

ഗാസ മുനമ്പിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്നും പലായനം ചെയ്യപ്പെട്ട ജനങ്ങളെ തിരികെയെത്താൻ അനുവദിക്കണമെന്നും ഹമാസ് നിർദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. തടവുകാരുടെ കൈമാറ്റം ഉറപ്പുവരുത്തുന്നതിനൊപ്പം ഗാസയിലേക്കുള്ള മാനുഷിക സഹായം ഉറപ്പാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

Also Read: ഇറാന് നേരെ ആക്രമണവുമായി ഇസ്രയേൽ; ഇറാൻ്റെ മിസൈൽ ആക്രമണങ്ങൾക്കുള്ള മറുപടിയെന്ന് ഐഡിഎഫ്

സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഈജിപ്തിൻ്റെ നീക്കത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വാഗതം ചെയ്തു. കെയ്‌റോയിലെ ചർച്ചകള്‍ക്ക് ശേഷം, ഇസ്രയേല്‍ ചാര ഏജൻസിയായ മൊസാദിന്‍റെ തലവനോട് പ്രധാന മധ്യസ്ഥനായി ഖത്തറിലേക്ക് പുറപ്പെടാൻ നെതന്യാഹു നിർദേശിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

2023 ഒക്‌ടോബർ 7ന് ഇസ്രയേലില്‍ നടന്ന ഹമാസ് ആക്രമണമാണ് ഗാസയിലെ വംശഹത്യക്ക് സമാനമായ സംഘർഷത്തിനു തുടക്കമിട്ടത്. സംഘർഷം ആരംഭിച്ചതിനു ശേഷം ഇസ്രയേല്‍ ആക്രമണങ്ങളില്‍ 42,847 പലസ്തീനികള്‍ കൊല്ലപ്പെടുകയും 100,544 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Also Read: യുഎസ് പ്രസിഡൻ്റ് സ്ഥാനാർഥികളുടെ ഫോൺ ചോർത്തൽ; പിന്നിൽ ചൈനീസ് ഹാക്കർമാരോ?

അതേസമയം, ദക്ഷിണ ലബനനിലുണ്ടായ ആക്രമണത്തിൽ നാല് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഇതിനകം 26 ഇസ്രയേൽ സൈനികർ ദക്ഷിണ ലബനനിലെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രയേലിന്‍റെ കണക്ക്. പലസ്തീനിലെ ഹമാസ് പോരാട്ടങ്ങളെ പിന്തുണച്ച് 2023 ഒക്ടോബർ 8 മുതലാണ് ഹിസ്ബുള്ള ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം ആരംഭിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com