ഗാസ വെടിനിര്‍ത്തല്‍ കരാര്‍: മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേര് പുറത്തുവിട്ട് ഹമാസ്

ഇസ്രയേലി ബന്ദികളായ അലക്‌സാണ്ട്രെ സാഷ ട്രൂഫനോവ്, സഗുയി ദെക്കല്‍-ചെന്‍, ഇയര്‍ ഹോണ്‍ എന്നിവരെയാണ് മോചിപ്പിക്കുന്നത്.
ഗാസ വെടിനിര്‍ത്തല്‍ കരാര്‍: മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേര് പുറത്തുവിട്ട് ഹമാസ്
Published on


ഗാസ വെടി നിര്‍ത്തല്‍ ഉടമ്പടി പ്രകാരം ഹമാസ് മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടു. ഇസ്രയേലി ബന്ദികളായ അലക്‌സാണ്ട്രെ സാഷ ട്രൂഫനോവ്, സഗുയി ദെക്കല്‍-ചെന്‍, ഇയര്‍ ഹോണ്‍ എന്നിവരെയാണ് മോചിപ്പിക്കുന്നത്.

ശനിയാഴ്ചയാണ് മൂന്ന് ബന്ദികളെ ഹമാസ് മോചിപ്പിക്കുക. ഹമാസ് മോചിക്കപ്പെടുന്നവരില്‍ അമേരിക്ക, റഷ്യ, അര്‍ജന്റീന വംശജരും ഉള്‍പ്പെടുന്നുണ്ട്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ഗാസയില്‍ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ നടന്ന ചര്‍ച്ചകളുടെ ഭാഗമായാണ് ശനിയാഴ്ച തന്നെ മോചിപ്പിക്കാന്‍ ഹമാസും ഇസ്രയേലും കരാറിലെത്തിയത്.

വെടിനിര്‍ത്തല്‍ ധാരണ ഇസ്രയേല്‍ ലംഘിക്കുന്നതായി ചൂണ്ടികാട്ടി ബന്ദികളെ ഇനി വിട്ടയയ്ക്കില്ലെന്ന് ഹമാസ് പ്രഖ്യാപിച്ചിരുന്നു. ആവശ്യമായ ഭക്ഷണം, മരുന്ന്, പാര്‍പ്പിട സാമഗ്രികള്‍ തുടങ്ങിയ അടിയന്തരസഹായങ്ങള്‍ വൈകിപ്പിച്ചതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം.

ഈജിപ്തിലെ കെയ്റോയില്‍ നടന്ന ചര്‍ച്ചകളില്‍ ഹമാസും ഇസ്രയേലും കരാറിലെത്തിയതായി ഈജിപ്ഷ്യന്‍ മാധ്യമമായ അല്‍-റാഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള മാനുഷിക സഹായങ്ങളുടെ ഒഴുക്ക് വര്‍ധിപ്പിക്കാനും ധാരണയിലെത്തിയതായാണ് പുറത്തുവരുന്ന വിവരം. ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ തകരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹമാസ് പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.

'ഈ ശനിയാഴ്ച നടക്കുന്ന കരാറിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് ഇസ്രയേലും ഹമാസും ഒരു ധാരണയിലെത്തിയിരിക്കുന്നു. അത് പ്രകാരം, മൂന്ന് ബന്ദികളെ മോചിപ്പിക്കും... കൂടാതെ, ഗാസ മുനമ്പിലേക്കുള്ള സഹായമായി ടെന്റുകള്‍, ഗ്യാസ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നത് ഇസ്രയേല്‍ വര്‍ദ്ധിപ്പിക്കും', ഹമാസ് പ്രസ്താവനയില്‍ പറയുന്നു.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കില്ലെന്ന് തിങ്കളാഴ്ചയാണ് ഹമാസ് പ്രഖ്യാപിച്ചത്. അതേസമയം, ഇസ്രയേലുമായി വെടിനിര്‍ത്തല്‍ ധാരണ തുടരാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഹമാസ് അറിയിച്ചു. ഇതോടെ ശനിയാഴ്ച നടക്കേണ്ടിയിരുന്ന മൂന്ന് ബന്ദികളുടെ മോചനം അനിശ്ചിതത്വത്തിലാകുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഹമാസിനു മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയത്. നാലു മണിക്കൂര്‍ നീണ്ട ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു നെതന്യാഹുവിന്റെ ഭീഷണി.

ശനിയാഴ്ച ഉച്ചയ്ക്കു മുന്‍പ് ഇസ്രയേല്‍ ബന്ദികളെ ഹമാസ് വിട്ടയച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഗാസയില്‍ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി അറിയിച്ചു. ബന്ദി കൈമാറ്റം നീട്ടിവെച്ചാല്‍ ഹമാസിനെ ഇല്ലാതാക്കും വരെ ആക്രമണം തുടരുമെന്നും നെതന്യാഹു മുന്നറിയിപ്പു നല്‍കി. എന്നാല്‍ അവശേഷിക്കുന്ന 76 ബന്ദികളെയും ശനിയാഴ്ച മോചിപ്പിക്കണമെന്നാണോ പ്രധാനമന്ത്രി ആവശ്യപ്പെടുന്നതെന്ന് മുന്നറിയിപ്പില്‍ വ്യക്തതയുണ്ടായിരുന്നില്ല. എന്നാല്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ മുന്‍നിശ്ചയിച്ച പ്രകാരം മൂന്ന് ബന്ദികളെ തന്നെ മോചിപ്പിക്കാന്‍ തീരുമാനത്തില്‍ എത്തുകയായിരുന്നു.

ശനിയാഴ്ച 12 മണിക്കുള്ളില്‍ എല്ലാം ബന്ദികളെയും മോചിപ്പിക്കണമെന്നും അല്ലാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഹമാസിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോഴും യുദ്ധാനന്തര ഗാസ ഏറ്റെടുക്കാനും 20 ലക്ഷം പലസ്തീനികളെ പുനരധിവസിപ്പിക്കാനുമുള്ള നിലപാടില്‍ മാറ്റമില്ലാതെ തുടരുകയാണ് ട്രംപ്. എന്നാല്‍ ട്രംപിന്റെ പരാമര്‍ശങ്ങള്‍ പലസ്തീന്‍ ജനങ്ങളുടെ ദേശീയ അവകാശങ്ങള്‍ നിഷേധിക്കുന്നതാണെന്നായിരുന്നു ഹമാസിന്റെ പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com