
ഗാസ വെടിനിർത്തലിൻ്റെ ഭാഗമായുള്ള ഒന്നാം ഘട്ടത്തിലെ ആറാമത്തെ ബന്ദിമോചനം പൂർത്തിയായി. ഖാൻ യൂനിസിൽ വെച്ചാണ് മൂന്ന് ഇസ്രയേൽ ബന്ദികളെ ഹമാസ് മോചിപ്പിച്ചത്. 369 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. നേരത്തെ ഇസ്രയേൽ വെടിനിർത്താൽ കരാർ ലംഘിച്ചു എന്ന് കാട്ടി ഹമാസ് ബന്ദി കൈമാറ്റം നിർത്തുന്നതായി അറിയിച്ചിരുന്നു. മധ്യസ്ഥ ചർച്ചകൾ നടന്ന ശേഷമാണ് ഹമാസ് വീണ്ടും ബന്ദി കൈമാറ്റം എന്ന നിലപാടിൽ എത്തിച്ചേർന്നത്.
അമേരിക്ക, റഷ്യ, അർജൻ്റീന പൌരത്വമുള്ള സാഷ ത്രുഫാനോവ്, സഗുയി ഡെകെൽ-ചെൻ , യെയ്ർ ഹോൺ എന്നിവരെയാണ് ഖാൻ യൂനിസിൽ വെച്ച് ഹമാസ് മോചിപ്പിച്ചത്. പകരമായി ജീവപര്യന്തം തടവ് അനുഭവിക്കുന്ന 36 പേരുൾപ്പെടെ 369 പലസ്തീനികളെ ഇസ്രയേൽ മോചിപ്പിച്ചു. ബന്ദികളെ സ്വീകരിച്ചതായി ഇസ്രയേൽ സൈനിക വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു.
ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ആദ്യം നിലപാടെടുത്തിരുന്നെങ്കിലും പിന്നീട്, തീരുമാനിക്കപ്പെട്ടതു പോലെ ശനിയാഴ്ച ബന്ദികളെ മോചിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇത് പ്രകാരമാണ് ബന്ദി കൈമാറ്റം നടന്നത്. ഇസ്രയേൽ ബന്ദികളെ ഹമാസ് വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിച്ച് ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും മുന്നറിയിപ്പു നൽകിയിരുന്നു.
ഗാസ വെടിനിർത്തൽ കരാറിലെ ആദ്യഘട്ടത്തിൻ്റെ ഭാഗമായി ഇതുവരെ അഞ്ച് തായ് പൌരന്മാരടക്കം, 24 ഇസ്രയേൽ ബന്ദികളാണ് മോചിപ്പിക്കപ്പെട്ടത്. 1135പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയച്ചു. ഒക്ടോബർ ഏഴിലെ ആക്രമണത്തിലൂടെ ഹമാസ് ബന്ദിയാക്കിയവരിൽ 33 പേരെയും ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന 2,000 പലസ്തീൻ തടവുകാരും മോചിതരാകുന്നതാണ് കരാറിൻ്റെ ആദ്യഘട്ടം.