ഇസ്രയേൽ ബന്ദിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്; മോചിപ്പിക്കണമെന്ന അഭ്യർഥനയുമായി മാതാപിതാക്കൾ

ബന്ദികളാക്കിയവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുന്നുണ്ടെന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്രതികരണം
ബന്ദിയാക്കപ്പെട്ട മകളുടെ ചിത്രവുമായി പിതാവ്
ബന്ദിയാക്കപ്പെട്ട മകളുടെ ചിത്രവുമായി പിതാവ്
Published on

ഇസ്രയേൽ ബന്ദിയുടെ പുതിയ വീഡിയോ പുറത്തുവിട്ട് ഹമാസ്. 2023-ലെ ആക്രമണത്തിന് ശേഷം ബന്ദിയാക്കിയ  ലിറി അൽബാഗ് എന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടത്. ലിറി അൽബാഗിൻ്റെ കൂടെ ആറ് വനിതകളെ കൂടി തടവിലാക്കിയിരുന്നു.

ലിറി അൽബാഗിനെ മോചിപ്പിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് പിതാവ് അൽബാഗ് ഇസ്രയേൽ ഗവണമെൻ്റിനോട് ആവശ്യപ്പെടുന്ന വീഡിയോയും ഇതിനു പിന്നാലെ പുറത്തുവന്നിരുന്നു. സ്വന്തം മകളെ പോലെ കണ്ട് ഇവരുടെ മോചനം സാധ്യമാക്കണമെന്നും മാതാപിതാക്കൾ അഭ്യർഥിച്ചു. എന്നാൽ ബന്ദികളാക്കിയവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുന്നുണ്ടെന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്രതികരണം.

2023ലെ ആക്രമണത്തിൽ 251 ബന്ദികളെ തീവ്രവാദികൾ പിടികൂടിയിരുന്നു. അവരിൽ 96 പേർ ഗാസയിൽ തുടരുന്നുവെന്നും, അതിൽ 34പേർ മരിച്ചതായും ഇസ്രയേൽ സൈന്യം അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഗാസ മുനമ്പിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 70 പേരെങ്കിലും കൊല്ലപ്പെട്ടതായി പലസ്തീൻ ഡോക്ടർമാർ പറഞ്ഞു. ഗാസ സിറ്റിയിലെ രണ്ട് വീടുകൾക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 17 ഓളം പേരാണ് കൊല്ലപ്പെട്ടത്. മറ്റൊരു വ്യോമാക്രമണത്തിൽ അഞ്ച് പേരും കൊല്ലപ്പെട്ടു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നും സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.


കഴിഞ്ഞ 48 മണിക്കൂറിനിടെ 136 ഓളം പേർ മരിച്ചതായി ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. പരുക്കേറ്റവരിൽ നിരവധി കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും മെഡിക്കൽ വിഭാഗം വ്യക്തമാക്കി. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഇസ്രയേലിന് 8 ബില്യൺ ഡോളറിൻ്റെ ആയുധങ്ങൾ വിൽക്കുമെന്ന് അറിയിച്ചതിനെ തുടർന്നാണ് ഏറ്റവും പുതിയ അക്രമണങ്ങൾ നടന്നത്. 2023 ഒക്ടോബർ 7 ന് ഹമാസ് ആക്രമണത്തിന് മറുപടിയായി ഇസ്രയേൽ ഗാസയ്ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇസ്രയേൽ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം അതിൽ 1,200 ഓളം പേരെ കൊല്ലുകയും 250 ഓളം ബന്ദികളാക്കി പിടികൂടുകയും ചെയ്തിട്ടുണ്ട്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com