
പാക് നിയന്ത്രിത കശ്മീരിൽ, കശ്മീർ ഐക്യദാർഢ്യ ദിനാചാരണത്തിൻ്റെ ഭാഗമായി നടന്ന
സമ്മേളനത്തിൽ ഹമാസ് പ്രതിനിധികൾ പങ്കെടുത്തതായി റിപ്പോർട്ട്. ഹമാസ് നേതാക്കൾക്ക് ജെയ്ഷെ മുഹമ്മദ് വിഐപി സ്വീകരണം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഹമാസ് പതാകയുമായി ജെയ്‌ഷെ, ലഷ്‌കർ അംഗങ്ങൾ അംഗങ്ങൾ ബൈക്കുകളിലും കുതിരപ്പുറത്തും റാലി നടത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
പരിപാടിയിൽ സുന്നി ഇസ്ലാമിക തീവ്രവാദ സംഘടനയായ ജെയ്‌ഷ് -എ-മുഹമ്മദ് തലവൻ മസൂദ് അസറിൻ്റെ സഹോദരൻ തൽഹ സെയ്ഫ്, ജെയ്‌ഷെ കമാൻഡർ അസ്ഗർ ഖാൻ കശ്മീരി എന്നിവരുൾപ്പെടെ ഉന്നത തീവ്രവാദ നേതാക്കളും പങ്കെടുത്തിരുന്നു. ഇറാനിലെ ഹമാസ് പ്രതിനിധി ഡോ. ഖാലിദ് അൽ-ഖദൂമിയുടെ നേതൃത്വത്തിൽ എത്തിചേർന്ന ഹമാസ് പ്രതിനിധികൾക്ക് വൻ സ്വീകരണമാണ് നൽകിയത്.
കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മുൻകാലങ്ങളിലും നിരവധി ഹമാസ് നേതാക്കൾ സംസാരിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ തീവ്രവാദ ഗ്രൂപ്പുകളുമായി സംഘടനയ്ക്ക് ബന്ധമുണ്ടെന്ന് ഇൻ്റലിജൻസ് വൃത്തങ്ങളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കശ്മീർ പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കശ്മീർ ഐക്യദാർഢ്യ സമ്മേളനം നടന്നത്.