
ആർബെൽ യെഹൂദ് ഉൾപ്പടെ മൂന്ന് ഇസ്രയേലികളെ കൂടി ഈ ആഴ്ച മോചിപ്പിക്കുമെന്ന് ഹമാസ്. സാധാരണക്കാരായ അവസാനത്തെ വനിതാ ബന്ദി ആർബെൽ യെഹൂദ്, വനിതാ സൈനിക അഗാം ബെർഗർ എന്നിവരുൾപ്പടെ മൂന്ന് പേരെയാണ് ഹമാസ് മോചിപ്പിക്കുകയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ജമിൻ നെതന്യാഹു അറിയിച്ചു.
തിങ്കളാഴ്ച മുതൽ വടക്കൻ ഗാസയിലേക്ക് ജനങ്ങൾക്ക് മടങ്ങാമെന്നും നെതന്യാഹു അറിയിച്ചു. നേരത്തെ നാല് വനിതാ സൈനികർക്കൊപ്പം ആർബെൽ യെഹൂദിനെ മോചിപ്പിക്കാഞ്ഞത് ഇസ്രയേലിനെ ചൊടിപ്പിച്ചിരുന്നു. ഇതോടെ വടക്കൻ ഗാസയിലേക്ക് ജനം തിരികെ വരരുതെന്ന് ഇസ്രയേൽ മുന്നറിയിപ്പും നൽകിയിരുന്നു. ഗാസ വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഇതിനോടകം ഏഴ് ഇസ്രയേൽ ബന്ദികളും 290 പലസ്തീൻ തടവുകാരുമാണ് മോചിപ്പിക്കപ്പെട്ടത്.
മധ്യസ്ഥരായ ഖത്തറിൻ്റെ നിർദേശപ്രകാരം യുദ്ധത്തിന് പിന്നാലെ കുടിയിറക്കപ്പെട്ട പലസ്തീനുകാർ വടക്കൻ ഗാസയിലേക്ക് തിരിച്ചെത്തി തുടങ്ങിയതായി ഗാസയിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നെറ്റ്‌സാരിം ചെക്ക്‌പോസ്റ്റിൻ്റെ പടിഞ്ഞാറൻ ഭാഗത്തുള്ള അൽ-റാഷിദ് റോഡ് വഴി ഗാസ സിറ്റിയിലേക്കും വടക്കൻ ഭാഗത്തെ ഗാസ മുനമ്പിലേക്കും കടക്കാൻ തുടങ്ങിയതായി ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.