IMPACT | റഷ്യൻ പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്ത്: തൊഴിൽ തട്ടിപ്പിന് ഇരയാക്കിയവ‍‍ർക്കെതിരെ ആദ്യ കേസെടുത്ത് പൊലീസ്

കൂലിപ്പട്ടാളത്തിൽ നിന്നും മോചിതനായ തൃശൂർ കൊരട്ടി സ്വദേശി സന്തോഷ് ഷൺമുഖന്‍റെ പരാതിയിലാണ് കേസ്
IMPACT | റഷ്യൻ പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്ത്: തൊഴിൽ തട്ടിപ്പിന് ഇരയാക്കിയവ‍‍ർക്കെതിരെ
ആദ്യ കേസെടുത്ത് പൊലീസ്
Published on

റഷ്യൻ പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്ത് പരാതിയിൽ ആദ്യ കേസെടുത്ത് കൊരട്ടി പൊലീസ്. കൂലിപ്പട്ടാളത്തിൽ നിന്നും മോചിതനായ തൃശൂർ കൊരട്ടി സ്വദേശി സന്തോഷ് ഷൺമുഖന്‍റെ പരാതിയിലാണ് കേസ്. യുവാക്കളെ തൊഴിൽ തട്ടിപ്പിന് ഇരയാക്കിയ തൃശൂർ സ്വദേശി സുമേഷ് ആൻറണി, കൊച്ചി സ്വദേശി സന്ദീപ് തോമസ് എന്നിവർക്കെതിരെയാണ് പരാതി.

സുമേഷ് ആൻറണിയെ പ്രതിയാക്കി കൊടകര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കൂലി പട്ടാളത്തിൽ നിന്നും മോചിതരായ മലയാളി യുവാക്കൾ വരും ദിവസങ്ങളിലും പ്രതികൾക്കെതിരെ പരാതി നൽകും. സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് റഷ്യയിൽ കൊല്ലപ്പെട്ട ബിനിലിനും സന്ദീപിനും ഒപ്പം ജോലി ചെയ്തവർ പരാതി നൽകാൻ തയ്യാറായത്. പരാതിക്കാരനെ ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ റഷ്യയിലെ മിലിട്ടറി ക്യാമ്പിൽ ഇലക്ട്രിക്കൽ, പ്ലംബിങ് ഹെൽപ്പർ എന്നീ ജോലികൾ ശരിയാക്കി നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 1,70,000 രൂപ പ്രതികൾ കൈക്കലാക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട മൂന്ന് മലയാളികളെയാണ് ഇതുവരെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചത്. റിനിൽ തോമസ്, സന്തോഷ് ഷൺമുഖൻ, സിബി ബാബു എന്നിവരെയാണ് നാട്ടിലെത്തിച്ചത്. ചെറിയ ജോലികളാണെങ്കിലും മികച്ച ശമ്പളം ലഭിക്കുമെന്നുള്ള വാഗ്ദാനം വിശ്വസിച്ചാണ് മലയാളികൾ റഷ്യയിലെത്തിയത്. ഏജന്‍റ് മുഖേന ടൂറിസ്റ്റ് വിസയിൽ എത്തിയതിന് ശേഷമാണ് ഇവർക്ക് റഷ്യൻ പൗരത്വം എടുക്കണമെന്നും സൈന്യത്തിൽ ചേരണമെന്നും മനസിലായത്. തൃശൂർ തൃക്കൂർ സ്വദേശി സന്ദീപ് ചന്ദ്രനൊപ്പമാണ് ഇവർ റഷ്യയിൽ എത്തിയത്.
ഇക്കാര്യങ്ങൾ നാട്ടിലറിയാതിരിക്കാൻ പലരും രഹസ്യമായി സൂക്ഷിച്ചെങ്കിലും സന്ദീപിന്‍റെ മരണത്തോടെ പ്രശ്നങ്ങൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബു, ജെയ്ൻ കുര്യൻ എന്നിവരെ തിരികെ എത്തിക്കാൻ സാധിച്ചിരുന്നില്ല. ഇവരിൽ ബിനിൽ ഇന്നലെ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ എംബസി ഔദ്യോഗികമായി അറിയിച്ചു. കൂടെയുണ്ടായിരുന്ന ജെയ്ൻ പരുക്കുകളോടെ മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com