
മലപ്പുറം പൊന്നാനി സ്വദേശിനിയുടെ പീഡനാരോപണത്തില്‍ നിയമ നടപടികള്‍ ആരംഭിച്ച് ആരോപണവിധേയരായ പൊലീസുകാർ. താനൂർ ഡിവൈഎസ്‌പി വി.വി. ബെന്നി മലപ്പുറം എസ്.പിക്ക് പരാതി നൽകി. മുട്ടിൽ മരം മറി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് തടയാനാണ് സ്ത്രീയെക്കൊണ്ട് വ്യാജ ആരോപണം നടത്തിപ്പിച്ചതെന്നാണ് പരാതി. ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ALSO READ: പരാതി തീരാതെ അന്‍വർ; പി. ശശിക്കെതിരെ ഇന്ന് സംസ്ഥാന സെക്രട്ടറിക്ക് കത്ത് നല്‍കും
കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് പരാതി നൽകിയതിന് പിന്നാലെയായിരുന്നു പീഡനമെന്നാണ് പരാതിക്കാരി പറയുന്നത്. എസ്‌പി സുജിത് ദാസ്, ഡിവൈഎസ്‌പി ബെന്നി, സിഐ വിനോദ് എന്നിവർ പീഡിപ്പിച്ചെന്നാണ് ആരോപണം. എന്നാല്‍, മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും വീട്ടമ്മയുടെ പീഡന പരാതി നിഷേധിച്ച് രംഗത്തെത്തി.
അതേസമയം, ആരോപണം ഉന്നയിക്കുന്ന സ്ത്രീ മുന്‍പ് നല്‍കിയ പീഡന പരാതിയില്‍ സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് പുറത്തുവന്നു. പരാതിക്കാരിയുടെ മൊഴിപ്പകർപ്പില്‍ പൊന്നാനി സിഐക്കെതിരെ മാത്രമാണ് മൊഴിയുള്ളത്. മൊഴിയിൽ എസ്‌പി യുടെയും ഡിവൈഎസ്‌പിയുടെയും പേര് പരാമർശിക്കുന്നില്ല. യുവതി പണം തട്ടാൻ വേണ്ടി നിരന്തരം പരാതികൾ നൽകുന്ന വ്യക്തിയെന്നും അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു. പരാതിക്കാരിയുടെ ആരോപണങ്ങളെ നിഷേധിച്ചു കൊണ്ടുള്ള അയൽവാസികളുടെ മൊഴിയും റിപ്പോർട്ടിലുണ്ട്.