ഗവർണർ ആനന്ദ ബോസിനെതിരായ പീഡന പരാതി; പശ്ചിമബംഗാൾ സർക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

361ാം അനുച്ഛേദത്തിൻ്റെ കീഴിൽ വരുന്ന കേസിൽ യൂണിയൻ ഓഫ് ഇന്ത്യയെ പ്രതിചേർക്കാൻ കോടതി അനുവദിച്ചു
ഗവർണർ ആനന്ദ ബോസിനെതിരായ പീഡന പരാതി; പശ്ചിമബംഗാൾ സർക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി
Published on

ബംഗാൾ ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈംഗികാരോപണ കേസിൽ പശ്ചിബംഗാൾ സർക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി. രാജ്ഭവനിലെ താത്കാലിക ജീവനക്കാരിയുടെ പരാതിയിൽ എത്രയും പെട്ടന്ന് പൊലീസ് അന്വേഷണം ആരംഭിക്കണമെന്ന് നിർദേശിച്ചാണ് നോട്ടീസ്.  കേസിൽ കേന്ദ്രസർക്കാരിനെയും കോടതി കക്ഷിചേർത്തു.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 361(2) പ്രകാരം ഗവർണർക്ക് നൽകുന്ന നിയമപരിരക്ഷയുടെ പരിധിയിൽ ഉൾപ്പെടുന്നതാണ് കേസെന്ന് ബെഞ്ച് വ്യക്തമാക്കി. ഈ നിയമപ്രകാരം രാജ്യത്തെ പ്രസിഡൻ്റിനെതിരെയോ ഒരു സംസ്ഥാനത്തിൻ്റെ ഗവർണർക്കെതിരെയോ, അവരുടെ ഭരണകാലത്ത് കോടതിയിൽ ക്രിമിനൽ നടപടികൾ ആരംഭിക്കുകയോ തുടരുകയോ ചെയ്യരുത്. എന്നാൽ വിഷയത്തിൽ കേന്ദ്രത്തെ കക്ഷി ചേർക്കാമെന്ന് കോടതി ചൂണ്ടികാട്ടി. യുവതിയുടെ ഹർജിയിൽ കോടതി അറ്റോർണി ജനറലിൻ്റെ സഹായം തേടിയിട്ടുണ്ട്.

അതേസമയം 361ാം അനുച്ഛേദം പ്രകാരം മാത്രം ഗവർണർമാർക്ക് ക്രിമിനൽ നടപടികളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ലെന്ന് യുവതി കോടതിയിൽ വാദിച്ചു. ലൈംഗികാതിക്രമവും പീഡനവും ഗവർണറുടെ ഔദ്യോഗിക കർത്ത്യവങ്ങളുടെ ഭാഗമായി കാണമോ എന്നായിരുന്നു ഹർജിക്കാരിയുടെ ചോദ്യം. ഒപ്പം പരാതിക്കാർക്ക് നീതി ലഭിക്കാൻ ഗവർണറുടെ ഭരണകാലാവധി കഴിയുന്നത് വരെ കാത്തിരിക്കണോ എന്നും യുവതി ചോദിച്ചു.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com