
കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ലാബ് ടെക്നീഷ്യനെതിരെ പീഡന പരാതിയുമായി 12 വിദ്യാർഥിനികൾ. പരാതിയിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ആരോപണ വിധേയനായ കാത് ലാബ് ടെക്നീഷ്യൻ സസ്പെൻഷനിലാണ്.
കണ്ണൂർ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ കഴിഞ്ഞ 15 വർഷമായി താൽക്കാലിക കാത് ലാബ് ടെക്‌നിഷ്യനായി ജോലി ചെയ്യുന്ന വിളയാങ്കോട് സ്വദേശിക്കെതിരെയാണ് വിദ്യാർഥിനികൾ പീഡന പരാതി നൽകിയിരിക്കുന്നത്. ഡിപ്ലോമ കോഴ്സ് പഠിക്കുന്ന വിദ്യാർഥിനികളാണ് പരാതിക്കാർ. താൽക്കാലിക ജീവനക്കാരൻ ആണെങ്കിലും മെഡിക്കൽ കോളേജിലെ കാത് ലാബിൻ്റെ നിയന്ത്രണം കാലങ്ങളായി നിയന്ത്രിക്കുന്നത് ആരോപണ വിധേയനാണ്. ഇത് മുതലെടുത്താണ് പെൺകുട്ടികളോട് അപമാര്യാദയായി പെരുമാറിയത് എന്നാണ് ആരോപണം. പീഡന ശ്രമത്തിനും മോശമായ പെരുമാറ്റത്തിനും ഇരയായ പെൺകുട്ടികൾ പരസ്പരം കാര്യങ്ങൾ സംസാരിച്ചപ്പോഴാണ് എല്ലാവർക്കും ഒരേ അനുഭവം ഉള്ളതായി മനസിലാകുന്നത്. ഇതോടെ വിദ്യാർഥിനികൾ സംയുക്തമായി അധികൃതർക്ക് പരാതി നൽകി. ആകെ 15 വിദ്യാർഥികൾ പഠിക്കുന്ന ബാച്ചിലെ 12 പെൺകുട്ടികളും പരാതി നൽകിയെന്നത് സംഭവത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു.
മെഡിക്കൽ കോളേജിലെ രണ്ട് വനിതാ ഡോക്ടർമാർ പരാതിയിൽ അന്വേഷണം ആരംഭിച്ചു. ഡോക്ടർമാരായ സവിത, സുധ എന്നിവർ രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും എന്നാണ് വിവരം. പരാതി ഉയർന്ന ഉടൻ ടെക്നീഷ്യനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ പരിയാരം മെഡിക്കൽ കോളേജിന് പരാതി കൈമാറാനാണ് അധികൃതരുടെ തീരുമാനം.