
പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെതിരെ സുപ്രീംകോടതിയിൽ ഹർജി. ഗവർണർക്ക് എതിരെ പീഡന പരാതി നൽകിയ രാജ്ഭവൻ വനിതാ ജീവനക്കാരിയാണ് ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചത്. രാജ്ഭവനിൽ വച്ച് സി.വി ആനന്ദബോസ് പീഡിപ്പിച്ചെന്ന പരാതിയിലാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
രാജ്ഭവനിലെ കരാർ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ ഭരണഘടനയുടെ 361(2) അനുച്ഛേദ പ്രകാരമാണ് പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിന് പരിരക്ഷ ലഭിച്ചത്. ആർട്ടിക്കിൾ 361 അനുസരിച്ച്, ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ ഭരണകാലത്ത് കോടതിയിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ കഴിയില്ല.
ലൈംഗിക പീഡനം നടത്തിയാല്‍ ക്രിമിനല്‍ കേസുകളില്‍ നിന്ന് ഗവര്‍ണര്‍മാര്‍ക്ക് ഭരണഘടനാപരമായ പരിരക്ഷ ലഭിക്കുമോ എന്നകാര്യം സുപ്രീംകോടതി പരിശോധിക്കണമെന്ന് യുവതി നൽകിയ ഹർജിയിൽ പറയുന്നു. ലൈംഗിക പീഡനം ചുമതലയുടെ ഭാഗമാണോ എന്ന് ചോദിച്ച ഹർജിക്കാരി, ഗവർണർക്ക് ലഭിക്കുന്ന ഈ പരിരക്ഷ കാരണം തനിക്ക് നീതി നിഷേധിക്കപ്പെടുന്നുവെന്നും പറയുന്നു. കേസ് പശ്ചിമ ബംഗാൾ പോലീസ് അന്വേഷിക്കണമെന്നും, തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്നും, മാനഹാനിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും യുവതി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.