
ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനികളെ കെ.സി.എ കോച്ച് പീഡിപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കെ.സി.എയ്ക്ക് നോട്ടീസ് അയച്ചു. അസോസിയേഷൻ്റെ ഭാഗത്തുനിന്ന് തെറ്റു സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ തിരുവനന്തപുരത്തെ പരീശിലകനാണ് മനു. പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടികളെ തെങ്കാശിയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരായ പരാതി. കുട്ടികളുടെ നഗ്ന ചിത്രം പകർത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഒരു പെൺകുട്ടി പരാതിയുമായി രംഗത്തെത്തിയതോടെ മറ്റു കുട്ടികളും പരാതി നൽകുകയായിരുന്നു.
മുമ്പും മനു പീഡനക്കേസിൽ പ്രതിയായിട്ടുണ്ട്. ഒന്നര വർഷം മുമ്പാണ് പെൺകുട്ടി മനുവിനെതിരെ പരാതി നൽകിയത്. തുടർന്ന് അറസ്റ്റിലാവുകയും ഈ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ കേസിൽ നിന്നും പെൺകുട്ടി പിന്മാറിയതോടെ മനു കുറ്റവിമുക്തനാവുകയായിരുന്നു.
സംഭവത്തിൽ കോടതി വെറുതെ വിട്ട സാഹചര്യത്തിലാണ് വീണ്ടും കോച്ചായി നിയമിച്ചതെന്നാണ് കെഎസിഎയുടെയും തിരുവനന്തപുരം ക്രിക്കറ്റ് അസോസിയേഷൻ്റെയും വീശദീകരണം. വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയാണ് പരീശിലനം നൽകിയതെന്നും അസോസിയേഷൻ പറയുന്നു. എന്നാൽ അസോസിയേഷൻ്റെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.