
ഹരിയാനാ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ബിജെപിയും കോൺഗ്രസും എഎപിയും തമ്മിൽ വാശിയേറിയ മത്സരമാണ് ഹരിയാനയിൽ നടക്കുന്നത്. ബിജെപി അധികാര തുടർച്ച പ്രതീക്ഷിക്കുമ്പോൾ, അധികാരത്തിൽ മടങ്ങിയെത്താമെന്ന കണക്കുകൂട്ടലാണ് കോൺഗ്രസിനുള്ളത്. സംസ്ഥാനത്തെ 90 മണ്ഡലങ്ങളിലായി ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക.
ബിജെപിയും കോൺഗ്രസും തമ്മിൽ ഏറ്റുമുട്ടുന്ന ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് വീറും വാശിയും പ്രകടമായിരുന്നു. ബിജെപി സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നാണ് കോൺഗ്രസ് പ്രതീക്ഷ. എന്നാൽ ബിജെപിയാകട്ടെ അധികാര തുടർച്ചയാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി നായബ് സിങ് സെയ്നി, മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ മനോഹർ ലാൽ ഖട്ടർ എന്നിവരുൾപ്പെടെ ബിജെപി സർക്കാർ അധികാരത്തിൽ തുടരുമെന്നാണ് അവകാശപ്പെടുന്നത്.
ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ മത്സര രംഗത്തിറക്കിയ കോൺഗ്രസ്, ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധവും പ്രചരണ വിഷയമാക്കി. കർഷകരുടെ പ്രശ്നങ്ങളും കർഷക സമരവും, തൊഴിലില്ലായ്മ, അഗ്നിപഥ്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ പ്രചരണ വിഷയമായെങ്കിലും ഹരിയാനയിലെ ജാതി സമവാക്യങ്ങളാകും നിർണായകമാവുക. ഭൂപീന്ദർ സിങ് ഹൂഡയെ മുൻനിർത്തി ജാട്ട് വോട്ട് ബാങ്ക് സ്വന്തമാക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
ഒബിസി-ദളിത് വോട്ട് ബാങ്ക് കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ പ്രചാരണം. ആം ആദ്മിയും പാർട്ടി സ്വാധീന മേഖലകളിൽ സജീവമായി തന്നെ പ്രചരണ രംഗത്തുണ്ടായിരുന്നു. ഇതിനിടെ ഫരീദാബാദിലെ എഎപി സ്ഥാനാർത്ഥി ബിജെപിയിൽ ചേരുകയും ചെയ്തു. ഇന്ത്യൻ നാഷണൽ ലോക്ദൾ - ബിഎസ്‌പി സഖ്യവും, ജനനായക് ജനതാ പാർട്ടി - ആസാദ് സമാജ് പാർട്ടി കാൻഷിറാം സഖ്യവും സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു. ജാട്ട് - ദളിത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചായിരുന്നു ഇരു സഖ്യങ്ങളുടെയും പ്രചാരണം.