
ഹിസ്ബുള്ള തലവൻ സയ്യിദ് ഹസന്‍ നസ്‌റള്ളയുടെ മൃതദേഹം കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഇസ്രയേൽ വ്യോമാക്രമണം നടത്തിയ ബെയ്റൂട്ടിലെ ബങ്കറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. നസ്റള്ള ബെയ്റൂട്ടിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം ഹിസ്ബുള്ള സ്ഥിരീകരിച്ചിരുന്നു. കണ്ടെത്തിയ നസ്റള്ളയുടെ മൃതശരീരത്തിൽ മുറിവുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ, മരണം എങ്ങനെയെന്നോ, സംസ്കാര ചടങ്ങുകൾ എപ്പോഴാണെന്നോ ഹിസ്ബുള്ള ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മാസങ്ങൾ നീണ്ട ആസൂത്രണങ്ങൾക്കൊടുവിലാണ് ഇസ്രയേൽ ഹിസ്‌ബുള്ള തലവൻ സയ്യിദ് ഹസന്‍ നസ്‌റള്ളയെ വധിച്ചത്. നസ്‌റള്ള മറ്റ് നേതാക്കളോടൊപ്പം ഭൂഗർഭ ബങ്കറിൽ യോഗം നടത്തുന്നതിനിടെയാണ് വ്യോമാക്രമണം നടത്തി ഇസ്രയേൽ ഹിസ്‌ബുള്ള തലവനെ വധിച്ചത്.
ഷിയാ ഇസ്ലാമിസ്റ്റ് സായുധസേനയായ ഹിസ്ബുള്ളയെ മൂന്ന് പതിറ്റാണ്ടായി നയിക്കുന്ന നേതാവാണ് ഷെയ്ക് ഹസന്‍ നസ്റള്ള. ലബനനിലെ ഏറ്റവും അപകടകാരിയായ നേതാവും ശക്തമായ ശബ്ദവുമായിരുന്നു നസ്റള്ള. ഇറാന് പ്രിയപ്പെട്ടവനും ഇസ്രയേലിന് വെറുക്കപ്പെട്ടവനുമായ നേതാവായിരുന്നു. മുന്‍ഗാമിയായ അബ്ബാസ് അൽ മുസാവിയെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെയാണ് 1992 ഫെബ്രുവരിയില്‍ നസ്റള്ള ഹിസ്ബുള്ളയുടെ തലപ്പത്തേക്ക് എത്തുന്നത്. മാർഗദർശി കൂടിയായിരുന്ന മുവാസിയുടെ വധത്തിന് പകരം ചോദിക്കാനുള്ള ഉത്തരവാണ് 32-ാം വയസില്‍ ചുമതലയേറ്റു കൊണ്ട് നസ്റള്ള ആദ്യം നടത്തിയത്.