
ഉത്തർപ്രദേശിലെ ഹത്രസിൽ നടന്ന പ്രാർത്ഥനാ യോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നൂറിലേറെ ആളുകൾ മരിച്ച സംഭവത്തിൽ സംഘാടകരായ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ പ്രാർത്ഥനയോഗത്തിലെ വളണ്ടിയർമാരാണെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ജൂലൈ രണ്ടിന് നടന്ന ഹത്രസ് ദുരന്തത്തില്‍ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. സുപ്രീം കോടതി അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ദുരന്തവും അതിനിടയാക്കിയ അധികൃതരുടെ വീഴ്ചയും അന്വേഷിക്കാന്‍ ഒരു റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അഞ്ചംഗ വിദഗ്ധ കമ്മിറ്റി രൂപീകരിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
ഹത്രസ് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിക്കുമെന്നും ഉത്തരവാദികളായ എല്ലാവരെയും ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നും വന്നവരാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗം പേരും. സ്വയം പ്രഖ്യാപിത ആൾദൈവമായ ഭോലെ ബാബ അഞ്ച് ലൈംഗികാതിക്രമക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ട്. ആഗ്ര, ഇറ്റാവ, കസ്ഗഞ്ച്, ഫറൂഖാബാദ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് കേസുകൾ ഫയൽ ചെയ്തിരിക്കുന്നത്. കൂടാതെ ഇത്തരം പ്രാർത്ഥന യോഗങ്ങളിൽ ഭോലെ ബാബ നടത്തുന്ന പ്രസ്താവനകൾ ധാരാളം വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.