
ഹത്രസ് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിക്കുമെന്നും ഉത്തരവാദികളായ എല്ലാവരെയും ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളെയും പരുക്കേറ്റവരെയും സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നും വന്നവരാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗം പേരും. ദൃക്സാക്ഷികളിൽ ചിലരോട് സംസാരിച്ചെന്നും പരുക്കേറ്റവരിൽ പലരും അപകടനില തരണം ചെയ്തുവെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. സംഘാടകർ അപകടമുണ്ടായത് മറച്ച് വെക്കാൻ ശ്രമിച്ചെന്നും എന്നാൽ സംഘാടകത്തിന്റെ വീഴ്ചകൾ എന്തെന്ന് കണ്ടെത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
എന്നാൽ ദുരന്തത്തിൽ യുപി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറില്‍ ആരോപണവിധേയനായിപലും നാരായണ്‍ സാകര്‍ ഹരി എന്ന ഭോലെ ബാബയുടെ പേരില്ല. പകരം ഭോലെ ബാബയുടെ അനുയായികള്‍, സംഘാടകര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മനഃപൂർവമല്ലാത്ത നരഹത്യ ഉള്‍പ്പെടെ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പരിപാടി നടത്തിപ്പിനുള്ള അനുമതി തേടിയപ്പോള്‍, പങ്കെടുത്തേക്കാവുന്നവരുടെ യഥാര്‍ത്ഥ കണക്ക് സംഘാടകര്‍ മറച്ചുവെച്ചുവെന്നും, ഗതാഗത നിയന്ത്രണത്തിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്.
അതേസമയം സ്വയം പ്രഖ്യാപിത ആൾദൈവമായ ഭോലെ ബാബ അഞ്ച് ലൈംഗീകാതിക്രമക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ട്. ആഗ്ര, ഇറ്റാവ, കസ്ഗഞ്ച്, ഫറൂഖാബാദ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് കേസുകൾ ഫയൽ ചെയ്തിരിക്കുന്നത്. കൂടാതെ ഇത്തരം പ്രാർത്ഥന യോഗങ്ങളിൽ ഭോലെ ബാബ നടത്തുന്ന പ്രസ്താവനകൾ ധാരാളം വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.