
യുപിയിലെ ഹത്രസില്‍ പ്രാര്‍ഥന യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേര്‍ മരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ പൊലീസ് അന്വേഷിക്കുന്നത് ഭോലെ ബാബ എന്ന സ്വയം പ്രഖ്യാപിത ഗുരുവിനെയാണ്. സര്‍ക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു എന്നാണ് ഭോലെ ബാബയുടെ അവകാശവാദം. ഭോലെ ബാബ സംഘടിപ്പിച്ച സത്‌സംഗ് എന്ന മതപരമായ പരിപാടിയിലാണ് വന്‍ ദുരന്തമുണ്ടായത്.
ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലെ ബഹാദൂര്‍ നഗരി ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച നാരായണ്‍ സാകര്‍ ഹരി എന്നഭോലെ ബാബയുടെ യഥാര്‍ഥ പേര് സൂരജ് പാല്‍ എന്നാണ്. പിന്നീടാണ് പേര്നാരായണ്‍ സാകര്‍ ഹരിയെന്ന് മാറ്റുന്നത്.നാരായണ്‍ സാകര്‍ ഹരി യുപി പൊലീസിന്റെ ലോക്കല്‍ ഇന്റലിജന്സ് യൂണിറ്റിലെ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു. 1999-ല്‍ നാരായണ്‍ സാകര്‍ പൊലീസ് ജോലി ഉപേക്ഷിച്ച് ആത്മീയതയുടെ വഴി തെരഞ്ഞെടുത്തു.ഇങ്ങനെ ആത്മീയത സ്വീകരിക്കുന്നവര്‍ പൊതുവെ ധരിക്കുന്ന കാവി ഒരിക്കലും നാരായണ്‍ സാകര്‍ ഉപയോഗിച്ചിരുന്നില്ല.
വെള്ള സ്യൂട്ടും ടൈയുമായിരുന്നു ഭോലെ ബാബയായപ്പോള്‍ വേഷം. ചിലപ്പോഴൊക്കെ കുര്‍ത്തയും പൈജാമയും ധരിച്ചു. തനിക്ക് നല്‍കുന്ന സംഭാവനകളില്‍ നിന്ന് ഒരു തുകയും സൂക്ഷിക്കുന്നില്ലെന്നും അതെല്ലാം തന്റെ ഭക്തര്‍ക്കായി ചെലവഴിക്കുകയാണെന്നുമാണ് ബാബയുടെ മറ്റൊരു അവകാശവാദം. പ്രാര്‍ഥന യോഗങ്ങളില്‍ ഭാര്യ പ്രേം ബതിയും ബാബയ്ക്കൊപ്പം ഉണ്ടാകും. ഹത്രസ് ജില്ലയിലെ ഫുല്‍റായ് ഗ്രാമത്തില്‍ നാരായണ്‍ ഹരിയുടെ ബഹുമാനാര്‍ത്ഥമാണ് പ്രാര്‍ഥന യോഗം സംഘടിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഘാടകര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് തീരുമാനം. ഭോലെ ബാബയുടെ രാം കുതിര്‍ ചാരിറ്റബിള്‍ ട്രസ്റ്റിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.