പൊലീസ് സേനയിലെ മാനസിക സമ്മർദം: കൗൺസലിംഗിനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്

2015 മുതൽ 2024 ജൂൺ വരെ സ്വയം ജീവനെടുത്തത് 132 പൊലീസ് ഉദ്യോഗസ്ഥർ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

സംസ്ഥാനത്ത് മാനസിക സമ്മർദം മൂലം കൗൺസലിംഗിനെത്തുന്ന പൊലീസുകാരുടെ എണ്ണത്തിൽ വർധനവ്. 2017 മുതൽ 2024 വരെയുള്ള കണക്ക് നോക്കിയാൽ ആറായിരത്തിലധികം പൊലീസുകാരാണ് കേരള പൊലീസ് ഏർപ്പെടുത്തിയ ഹാറ്റ്സ് കൗൺസിലിംഗ് പരിപാടിയിൽ എത്തിയത്. ജോലി സംബന്ധമായ സമ്മർദമാണ് ഭൂരിഭാഗം പേരുടെ പ്രശ്നമെന്ന് കൗൺസിലിംഗിലൂടെ കണ്ടെത്തി.

2015 മുതൽ 2024 വരെയുള്ള കണക്കുകൾ നോക്കിയാൽ ഇതുവരെ 132 പൊലീസ് ഉദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മാസം ഏഴ് പൊലീസുകാർ ജീവനൊടുക്കി. 40 ഓളം ഉദ്യോഗസ്ഥരാണ് അടുത്തിടെ ജോലിഭാരവും ചൂഷണവും കാരണം പദവിയിൽ നിന്നൊഴിഞ്ഞത്. കണക്കുകൾ പ്രകാരം നാല് വർഷത്തിനിടെ സ്വയം വിരമിക്കലിന് 169 പൊലീസുകാരും അപേക്ഷിച്ചിട്ടുണ്ട്. ഇങ്ങനെ മാനസിക സമ്മർദം നേരിടുന്ന പൊലീസുകാരുടെ എണ്ണം ഒരോ വർഷവും വർധിച്ചു വരുകയാണ്. കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ 6451 പൊലീസുകാരാണ് മാനസിക സമ്മർദത്തെ തുടർന്ന് കൗൺസിലിംഗിനെത്തിയത്. ഓരോ വർഷം കഴിയും കൗൺസലിംഗിനെത്തുന്നവരുടെ എണ്ണം കൂടിവരുകയാണ്.

ജോലിയുമായി ബന്ധപ്പെട്ട് പൊലീസുകാർ നേരിടുന്ന മാനസിക സംഘർഷം ലഘൂകരിക്കുന്നതിനായി കേരള പൊലീസ് ഏർപ്പെടുത്തിയ പദ്ധതിയാണ് ഹാറ്റ്സ് കൗൺസിലിംഗ്. ഇതിലെ വിവരങ്ങൾ അനുസരിച്ച് ഈ വർഷം ജൂലൈ വരെ മാത്രം 420 പൊലീസുകാരാണ് കൗൺസിലിംഗിന് എത്തിയത്. 2017-ൽ 600 പൊലീസുകാർ മാത്രമാണ് കൗൺസിലിംഗ് തേടിയതെങ്കിൽ അത് 2023 ആയപ്പോഴേക്കും 963 ആയി. ജോലി സംബന്ധമായ മാനസിക സമ്മർദമാണ് കൗൺസിലിംഗ് തേടാനുള്ള പ്രധാന ഘടകമെന്നാണ് ഹാറ്റ്സ് പറയുന്നത്.

കൂടാതെ കുടുംബ പ്രശ്നവും മദ്യപാനവുമായി സമീപിക്കന്നവരും ഇക്കൂട്ടത്തിലുണ്ട്. കൗൺസിലിംഗ് തേടിയെത്തുന്നവരിൽ ഭൂരിഭാഗവും 30 മുതൽ 45 വയസ്സ് വരെ പ്രായമുള്ള പുരുഷ പൊലീസുകാരാണ്. ഓവർ ഡ്യൂട്ടി ഉൾപ്പെടെയുള്ള പ്രശ്നങ്ങളും കൗൺസിലിങ്ങ് തേടി എത്തിയ പൊലീസുകാരുടെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. മാനസിക സമ്മർദം മൂലം ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന പൊലീസുകാരുടെ എണ്ണം വർധിച്ചതോടെയാണ് 2017 ജനുവരി 27 ന് തിരുവനന്തപുരം എസ്.എ പി ക്യാമ്പിൽ പദ്ധതി നിലവിൽ വന്നത്. എന്നാൽ പദ്ധതി മറ്റ് ജില്ലകളിൽ ഇല്ലാത്താത് കാരണം ദൂരെയുള്ള പല പൊലീസുകാർക്കും കൗൺസിലിംഗിന് എത്തിചേരാൻ സാധിക്കുന്നില്ലന്ന വിമർശനവും ഉയരുന്നുണ്ട്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com