
അംബാലയിലെ കച്ചവടക്കാർക്ക് ആശ്വാസമേകി ശംഭു അതിർത്തി തുറക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. കർഷകസമരത്തെ തുടർന്ന് അഞ്ച് മാസത്തിലേറെയായി അംബാല അടഞ്ഞ് കിടക്കുകയായിരുന്നു.പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് കഴിഞ്ഞ അഞ്ച് മാസമായി സമരം നടക്കുന്ന അംബാലയിലെ ബാരിക്കേഡുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ടത്.
പഞ്ചാബിലെ കർഷക സമരത്തിൻ്റെ ഭാഗമായി നടത്തിയ ഡൽഹി ചലോ മാർച്ച് തടയാനാണ് ഹരിയാനയ്ക്കും പഞ്ചാബിനുമിടയിലുള്ള അതിർത്തി അടച്ചത്. ബാരിക്കേഡുകൾ തങ്ങളുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികളും വ്യാപാരികളും പ്രതിഷേധിച്ചതിനെ തുടർന്നാണ് ഇവ നീക്കം ചെയ്യാനുള്ള നിർദേശം കോടതി മുന്നോട്ട് വെക്കുന്നത്.
അതേസമയം ശംഭുവിലെ സ്ഥിതിഗതികൾ സമാധാനപരമായതിനാൽ കർഷകരെ മുന്നോട്ടുപോകുന്നതിൽ നിന്ന് തടയാൻ ഒരു കാരണവുമില്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതിയുടെ തീരുമാനത്തെ തങ്ങൾ സ്വാഗതം ചെയ്യുന്നെന്ന് കർഷകസംഘടനകൾ ചൂണ്ടിക്കാട്ടി. എന്നാൽ ഈ വിധി സമരം നടക്കുന്ന മൂന്ന് അതിർത്തികൾക്കും ബാധകമാണോ അതോ ശംഭു അതിർത്തിയിൽ മാത്രമാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കോടതിയുടെ തുടർ നടപടികൾക്കായി കാത്തിരിക്കുകയാണെന്നും കർഷകർ വ്യക്തമാക്കി.
ഏഷ്യയിലെ ഏറ്റവും വലിയ വസ്ത്ര വിപണിയാണ് ഹരിയാന അതിർത്തിയിലുള്ള അംബാല. ഇവിടെയുള്ള 1500 ഓളം കടകളും വസ്ത്രവ്യാപാരവുമായി ബന്ധപ്പെട്ടാണ്. അതിർത്തി അടച്ചത് അംബാല പട്ടണത്തിലുള്ള വ്യാവസായികളെ പ്രതികൂലമായി ബാധിച്ചിരുന്നു. ടെക്സ്റ്റൈൽ, ഹോട്ടൽ, ടൂറിസം മേഖലകൾ അടച്ചുപൂട്ടലിൻ്റെ വക്കിലെത്തി. ചികിത്സയ്ക്കായി അംബാല നഗരത്തിലേക്ക് വന്നുകൊണ്ടിരുന്ന പട്യാല നിവാസികളെയും അതിർത്തി അടച്ചിട്ടത് പ്രതിസന്ധിയിലാക്കിയിരുന്നു. ശംഭു അതിർത്തി തുറക്കുന്നതോടെ പ്രതിസന്ധിയിലായ വ്യാപാരമേഖലയെ വീണ്ടും പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അംബാലയിലെ വ്യാപാരികൾ.