സിജെഎമ്മിനെതിരെ അസഭ്യ വർഷം: മാപ്പ് പറഞ്ഞാൽ പ്രശ്നം അവസാനിക്കില്ലെന്ന് ഹൈക്കോടതി

അഭിഭാഷകർ ലീഗൽ സർവീസസ് അതോറിറ്റിയുമായി ചേർന്ന് സൗജന്യ സേവനം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു
സിജെഎമ്മിനെതിരെ അസഭ്യ വർഷം: മാപ്പ് പറഞ്ഞാൽ പ്രശ്നം അവസാനിക്കില്ലെന്ന് ഹൈക്കോടതി
Published on
Updated on

കോട്ടയം സിജെഎം കോടതിയിൽ ജഡ്ജിയോട് അഭിഭാഷകർ മോശമായി പെരുമാറിയതിൽ മാപ്പ് പറഞ്ഞത് കൊണ്ട് പ്രശ്നം അവസാനിക്കില്ലെന്ന് ഹൈക്കോടതി. അഭിഭാഷകരുടെ നിരുപാധികമുള്ള മാപ്പപേക്ഷയ്ക്കുള്ള മറുപടിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അഭിഭാഷകർ ലീഗൽ സർവീസസ് അതോറിറ്റിയുമായി ചേർന്ന് ആറ് മാസത്തേക്ക് പാവങ്ങൾക്ക് സൗജന്യ സേവനം നൽകണമെന്നും ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, സി. പ്രദീപ് കുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

അതേസമയം, ഹൈക്കോടതി നിർദേശത്തെ ഒരാളൊഴികെ 28 അഭിഭാഷകരും അംഗീകരിച്ചു. ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും കോടതി തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് ഹൈക്കോടതി 29 അഭിഭാഷകർക്കെതിരെ സ്വമേധയാ കേസെടുത്തത്. അഭിഭാഷകനായ എ.പി. നവാബിനെതിരെ കേസ് എടുത്തതുമായി ബന്ധപ്പെട്ട അഭിഭാഷകരുടെ പ്രതിഷേധത്തിനെതിരെയാണ് നടപടി.

തട്ടിപ്പ് കേസിലെ പ്രതിയെ ജാമ്യത്തിൽ ഇറക്കാൻ കോട്ടയം ബാറിലെ അഭിഭാഷകനായ എ.പി. നവാബ് വ്യാജരേഖ ഹാജരാക്കിയെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് കോട്ടയം സിജെഎമ്മിൻ്റെ നിർദേശപ്രകാരം ഈസ്റ്റ് പൊലീസ് അഭിഭാഷകനെ പ്രതിയാക്കി കേസെടുത്തിരുന്നു.

ഇതിനെതിരെയാണ് അഭിഭാഷകർ പ്രതിഷേധ പ്രകടനം നടത്തിയത്. മജിസ്ട്രേറ്റിനെതിരെയുള്ള പ്രതിഷേധത്തിൻ്റെയും മുദ്രാവാക്യം വിളികളുടെയും ദൃശ്യങ്ങളും, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിൻ്റെ റിപ്പോർട്ടും പരിഗണിച്ചാണ് ഹൈക്കോടതി സ്വമേധയാ കേസെടുക്കാൻ തീരുമാനിച്ചത്. അഭിഭാഷകർക്കെതിരെയുള്ള ആരോപണം ഗൗരവമുള്ളതാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

News Malayalam 24x7
newsmalayalam.com