
പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലേക്ക് തിരിക്കുന്നതിനിടെ, 1997ലെ മോദിയുടെ യുഎസ് യാത്രയുടെ ഓർമ പുതുക്കി എൻആർഐ ആയ ഹീരൂബായ് പട്ടേൽ. വിശ്വഹിന്ദു പരിഷത്തിൻ്റെ പരിപാടിക്കായി യുഎസിലെത്തിയ മോദിയുടെ ബാഗ് നഷ്ടപ്പെട്ടപ്പോൾ, അയാൾ വളരെ ശാന്തനും സൗമ്യനുമായി കാണപ്പെട്ടുവെന്നാണ് ഹീരൂബായ് പട്ടേൽ മോദിയുടെ യാത്രയെ ഓർത്തെടുത്തത്.
പാസ്പോർട്ടും പണവും വസ്ത്രങ്ങളുമെല്ലാം അടങ്ങിയ ബാഗ് ആയിട്ടു കൂടി അത് നഷ്ടമായപ്പോൾ അദ്ദേഹം സംയമനം പാലിച്ചു. തൻ്റെ പക്കൽ നിന്ന് 5000 രൂപ കടം വാങ്ങുകയും, വേറെ പാസ്പോർട്ട് ലഭിക്കുന്നത് വരെ അഞ്ച് ദിവസം യാത്ര തിരിക്കൽ റദ്ദാക്കി യുഎസിൽ തുടരുകയും ചെയ്തുവെന്നാണ് ഹീരൂബായ് പട്ടേൽ മോദിയുടെ യുഎസ് യാത്രയെ ഓർത്തെടുത്തത്. പിന്നീട് ആ പണം തിരികെ നൽകിയെന്നും ഹീരൂബായ് പട്ടേൽ പറഞ്ഞു.
യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി നരേന്ദ്ര മോദി ഇന്ന് പുലർച്ചയോടെയാണ് യുഎസിലേക്ക് യാത്ര തിരിച്ചത്. ഡെലാവറിലെത്തുന്ന മോദി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി പ്രത്യേക ചർച്ച നടത്തും. പ്രസിഡന്‍റ് ബൈഡൻ ഒരുക്കുന്ന അത്താഴവിരുന്നിലും മോദി പങ്കെടുക്കും. നാളെ ന്യൂയോർക്കിലെത്തുന്ന പ്രധാനമന്ത്രി ലോങ് ഐലന്‍റിൽ ഇന്ത്യൻ സമൂഹം ഒരുക്കുന്ന സ്വീകരണത്തിലും പങ്കെടുക്കും.
അമേരിക്കയുമായുള്ള സമഗ്ര നയതന്ത്രബന്ധം ദൃഢമാകുമെന്ന പ്രതീക്ഷ യുഎസിലേക്ക് യാത്ര തിരിക്കും മുമ്പ് നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ചു.
READ MORE: യുദ്ധങ്ങൾക്ക് നടുവിൽ മറ്റൊരു ലോക സമാധാന ദിനം കൂടി