
സൈബര്‍ തട്ടിപ്പിനിരയായതില്‍ പ്രതികരണവുമായി മലങ്കര യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലിത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സെറ്റില്‍മെന്‍റിനാണ് മാര്‍ കൂറിലോസ് പണം നല്‍കിയത് എന്ന പ്രചരണം വ്യാപകമായിരുന്നു. എന്നാല്‍ ഇത്തരം പ്രചരണം തെറ്റാണെന്ന് മുന്‍ മെത്രാപ്പോലിത്ത പറഞ്ഞു.
സിബിഐ എന്ന വ്യാജേന ഫോണില്‍ ബന്ധപ്പെട്ട ചിലരാണ് പണം തട്ടിയത്. ഇവര്‍ രണ്ടു ദിവസം വിര്‍ച്വല്‍ കസ്റ്റഡിയില്‍ ആണെന്ന് വിശ്വസിപ്പിച്ചുവെന്നും മാര്‍ കൂറിലോസ് പറഞ്ഞു. സുപ്രീം കോടതി നിരീക്ഷണത്തിലുള്ള രഹസ്യ അക്കൗണ്ടിലേക്ക് പണം കൈമാറണമെന്ന നിര്‍ദേശം പാലിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുംബൈ സ്വദേശിയായ നരേഷ് ഗോയല്‍ എന്ന വ്യക്തിയുടെ കള്ളപ്പണമിടപാടില്‍ ബന്ധമുണ്ടെന്ന് തട്ടിപ്പ് സംഘം വിശ്വസിപ്പിച്ചു. ഇതിനെ സാധൂകരിക്കുന്ന സിബിഐ, സുപ്രീം കോടതി എന്നിവയുടെ മുദ്ര പതിപ്പിച്ച ഉത്തരവുകള്‍ വാട്‌സാപ്പിലൂടെ തട്ടിപ്പ് സംഘം കൈമാറിയിരുന്നു. കേസില്‍ നിന്നും ഒഴിവാക്കാനായി പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സുപ്രീം കോടതി നിരീക്ഷണത്തിലുള്ള രഹസ്യ അക്കൗണ്ടിലേക്ക് പണം കൈമാറണമെന്ന നിര്‍ദേശം പാലിക്കുകയായിരുന്നെന്ന് മാര്‍ കൂറിലോസ് പറഞ്ഞു.
വിരമിക്കല്‍ ആനുകൂല്യം അടക്കമുള്ള തുകയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്. വിദ്യാഭ്യാസവും ലോക പരിചയവുമുള്ള താന്‍ പോലും വഞ്ചിക്കപ്പെട്ടു. തനിക്ക് മറച്ചു വയ്ക്കാന്‍ ഒന്നുമില്ലാത്തതിനാലും തട്ടിപ്പിനെ കുറിച്ച് സാധാരണക്കാര്‍ പോലും ബോധവാന്മാരാകണമെന്നതുകൊണ്ടുമാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് മുന്‍ മെത്രാപ്പോലീത്ത മാധ്യമങ്ങളെ അറിയിച്ചു.
ഡോ. ഗീവര്‍ഗീസ് മാര്‍കൂറിലോസിൻ്റെ അക്കൗണ്ടില്‍ നിന്നും 15,01,186 രൂപയാണ് ഓണ്‍ലൈന്‍ തട്ടിപ്പു സംഘം തട്ടിയെടുത്തത്. പരാതിയെ തുടര്‍ന്ന് കീഴ് വായ്പൂര് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥിന്‍റെ നേതൃത്വത്തില്‍ കേസില്‍ അന്വേഷണം നടക്കുകയാണ്.