ആലപ്പുഴയിലെ ഗർഭകാല ചികിത്സാപ്പിഴവ്; വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിൻ്റെ ആരോഗ്യനില അതീവ ഗുരുതരം

കുഞ്ഞിന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നതടക്കമുള്ള ആരോപണങ്ങൾ മാതാപിതാക്കൾ ഉന്നയിച്ചിരുന്നു
ആലപ്പുഴയിലെ ഗർഭകാല ചികിത്സാപ്പിഴവ്; വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിൻ്റെ ആരോഗ്യനില അതീവ ഗുരുതരം
Published on

ആലപ്പുഴയിൽ ഗർഭകാലചികിത്സാ പിഴവുമൂലം അപൂർവ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിൻ്റെ ആരോഗ്യനില അതീവ ഗുരുതരം. കുഞ്ഞിനെ വെൻ്റിലേറ്ററിലേക്ക് മാറ്റിയെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു. കുഞ്ഞിന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നതടക്കമുള്ള ആരോപണങ്ങൾ നേരത്തെ മാതാപിതാക്കൾ ഉന്നയിച്ചിരുന്നു.

കഴിഞ്ഞ നവംബറിലാണ് ആലപ്പുഴ ലജനത്ത് വാർഡിൽ താമസിക്കുന്ന അനീഷ് മുഹമ്മദ്-സുറുമി ദമ്പതികൾക്ക് ഗുരുതര ശാരീരിക വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ചത്. ശാരീരിക വൈകല്യങ്ങൾക്ക് പുറമെ ഹൃദയസംബന്ധമായ അസുഖങ്ങളും, ശ്വാസകോശ സംബന്ധമായ അസുഖങ്ങളും കുഞ്ഞിനുണ്ടായിരുന്നു. ശ്വാസതടസ്സമടക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് കുഞ്ഞിനെ വെൻ്റിലേറ്ററിലേക്ക് മാറ്റിയത്.

ലാബിലെ സ്കാനിങിൽ നിന്നുണ്ടായ ഗുരുതര പിഴവാണ് കുഞ്ഞിൻ്റെ വൈകല്യത്തിന് കാരണമെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇതോടെ വിഷയം വലിയ വിവാദമായി. ഗർഭകാല ചികിത്സാ പിഴവ് മൂലം ഗുരുതര ശാരീരിക വ്യതിയാനങ്ങളോടെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ തുടർ ചികിത്സ സൗജന്യമാക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അതേസമയം സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉയർത്തിയിരുന്നത്. നിലവിലെ അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും, ആരോപണ വിധേയരായ ഡോക്ടർമാരെ സർക്കാർ സംരക്ഷിക്കുകയാണെന്നും കുടുംബം ആരോപിച്ചു. ആരോഗ്യമന്ത്രി ആലപ്പുഴയിൽ എത്തിയിട്ടും തിരിഞ്ഞു നോക്കിയില്ലെന്നും കുഞ്ഞിൻ്റെ പിതാവ് അനീഷ് പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com