നെയ്യാറ്റിന്‍കര കെയര്‍ഹോമിലെ കോളറ സ്ഥിരീകരണം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം

രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളം ഉള്‍പ്പെടെയുള്ള സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്
കോളറ
കോളറ
Published on

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആവശ്യമെങ്കില്‍ രോഗികളെ ഐരാണിമുട്ടം ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളം ഉള്‍പ്പെടെയുള്ള സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലക്ഷണങ്ങള്‍ കാണുന്നവരുടെ സാമ്പിളുകള്‍ എത്രയും വേഗം പരിശോധനയ്ക്ക് അയയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. ജലത്തിലൂടെ പകരുന്ന കോളറ വിബ്രിയോ കോളറേ എന്ന ബാക്ടീരിയയാണ് പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നുള്ള വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗാണു ശരീരത്തിലെത്തുന്നത്.

ശരീരത്തില്‍ കടക്കുന്ന ഇവ 'കോളറാ ടോക്‌സിന്‍' എന്ന വിഷവസ്തു ഉത്പാദിപ്പിക്കുന്നു. ഈ വിഷവസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്. മനുഷ്യരുടെ മലവിസര്‍ജ്ജനം വഴി പുറത്താകുന്ന ഈ ബാക്റ്റീരിയകള്‍ കുടിവെള്ളത്തില്‍ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യുന്നു.

ഇത്തരം ബാക്റ്റീരിയകള്‍ക്ക് വെള്ളത്തില്‍ വളരെയധികം നേരം ജീവിക്കുന്നതിന് കഴിവുള്ളതിനാല്‍ ഇത്തരം രോഗം പകരാന്‍ വഴിയൊരുക്കുന്നു. ഈച്ചയും ഈ രോഗം പരത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകള്‍ക്കകം തീര്‍ത്തും അവശനാക്കാനും മരണത്തിനും വരെ കാരണമാകാനും കോളറ വഴിവെക്കും.

രോഗലക്ഷണങ്ങള്‍


വയറിളക്കവും ഛര്‍ദ്ദിയുമാണ് കോളറയുടെ പ്രധാന ലക്ഷണങ്ങള്‍. മറ്റ് വയറിളക്കങ്ങളില്‍ കാണുന്ന പനി, വയറുവേദന, മലത്തില്‍ ഉണ്ടാകുന്ന രക്തത്തിന്റെ അംശം എന്നിവ കോളറയില്‍ കാണുന്നില്ല. പെട്ടെന്നുണ്ടാകുന്ന രോഗ ലക്ഷണങ്ങളും പെട്ടെന്ന് പകരാനുള്ള കഴിവും കോളറയുടെ പ്രത്യേകതയാണ്.

പ്രതിരോധിക്കാന്‍

  1. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

  2. തുറന്നുവെച്ച ഭക്ഷണവും വെള്ളവും ഉപയോഗിക്കരുത്

  3. ഭക്ഷ്യസാധനങ്ങള്‍ നന്നായി വേവിച്ച ശേഷം മാത്രം കഴിക്കുക

  4. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക

  5. മലമൂത്ര വിസര്‍ജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക

  6. വയറിളക്കമോ ഛര്‍ദിലോ ഉണ്ടായാല്‍ ധാരാളം പാനീയം കുടിയ്ക്കുക

  7. ഒ.ആര്‍.എസ്. പാനീയം ഏറെ നല്ലത്

  8. ചികിത്സ വൈകിപ്പിക്കാതിരിക്കുക


Related Stories

No stories found.
News Malayalam 24x7
newsmalayalam.com