
നിപയില്‍ കഴിഞ്ഞ ദിവസം പരിശോധിച്ച 12 സാമ്പിളുകളും നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 54 പേര്‍ പുതുതായി കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 460 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്. 220 പേര്‍ ഹൈ റിസ്‌ക് പട്ടികയിലും നിലവില്‍ ഉണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇരു പഞ്ചായത്തുകളിലെയും 18055 വിടുകളില്‍ സന്ദര്‍ശനം നടത്തിവരികയാണ്. പരിശോധനാ ഫലം നെഗറ്റീവ് ആയവര്‍ക്ക് പിന്നീട് രോഗലക്ഷണം ഉണ്ടായാല്‍ വീണ്ടും പരിശോധന നടത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇനി അഞ്ച് പേരുടെ ഫലം പുറത്തു വരാനുണ്ട്. അഞ്ച് പേരും ഹൈ റിസ്‌ക് പട്ടികയില്‍ ഉള്ളവരാണെന്നും മന്ത്രി പറഞ്ഞു.
നിപ ആശങ്ക ഒഴിയുന്നു എന്ന് പറയാവുന്ന സാഹചര്യത്തിലേക്കാണ് മലപ്പുറം നീങ്ങുന്നത്. അത് നിലനിർത്തണമെങ്കിൽ സൂക്ഷ്മമായ നിരീക്ഷണവും, ജാഗ്രതയും തുടരണം. നിയന്ത്രണങ്ങളുള്ള പാണ്ടിക്കാട്, ആനക്കയം പഞ്ചയത്തുകളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടത്തുന്നുണ്ട്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സിസിടിവി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത്. വൈറസ് സാന്നിധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തില്‍ കന്നുകാലികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങി. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും. വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻഐവിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങി. സ്രവത്തിൽ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയാല്‍ ഇവയുടെ ജനിതക പരിശോധന നടത്തും.
അതേസമയം, നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ട് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ഥിയെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ ഇട്ടതിനാണ് കേസെടുത്തത്.